കോഴിക്കോട്: ദുബായിൽ മരിച്ച മലയാളി വ്ലോഗർ റിഫ മെഹുവിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തും. മരണം നടന്ന് രണ്ട് മാസത്തിനു ശേഷമാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പോകുന്നത്. പുറത്തെടുക്കുന്ന മൃതദേഹം തഹസിൽദാർ ഇൻക്വസ്റ്റ് നടത്തും. തുടർന്ന്, ഫൊറൻസിക് സംഘം ശാസ്ത്രീയ പരിശോധന നടത്തുകയും സാംപിളുകൾ ശേഖരിക്കുകയും ചെയ്യും. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടത്തുക.
മാർച്ച് ഒന്നിന് പുലർച്ചെ ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്താണ് റിഫയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. നാട്ടിലെത്തിച്ച മൃതദേഹം മൂന്നിന് രാവിലെ കബറടക്കുകയായിരുന്നു.
ദുബായിൽ നടത്തിയ ഫൊറൻസിക് പരിശോധന പോസ്റ്റ്മോർട്ടമാണെന്ന് തെറ്റിദ്ധരിപ്പിച്ചതായി കുടുംബം ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ്, കുടുംബത്തിന്റെ ആവശ്യം കൂടി പരിഗണിച്ചു മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്താൻ പോലീസ് തീരുമാനിച്ചത്. റിഫയുടെ വീടിന് സമീപത്തെ പള്ളി കബറിസ്ഥാനിലാണ് മൃതദേഹം സംസ്കരിച്ചിരുന്നത്. പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തല്‍ കേസന്വേഷണത്തില്‍ നിർണായകമാണ്.
Post Your Comments