ഹൈദരാബാദ്: ബുധനാഴ്ച ഹൈദരാബാദിലെ സരൂർനഗറിനെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനകൊല. സെക്കന്തരാബാദിലെ മാറേഡ്പള്ളി സ്വദേശിയായ ബില്ലപുരം നാഗരാജ് (25) ആണ് കൊല്ലപ്പെട്ടത്. നാഗരാജിന്റെ ഭാര്യ സുൽത്താന എന്ന പല്ലവിയുടെ സഹോദരനും ബന്ധുക്കളുമാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. കണ്മുന്നിൽ ഭർത്താവിനെ സ്വന്തം സഹോദരൻ വെട്ടിക്കൊലപ്പെടുത്തിയത് കാണേണ്ടി വന്നതിന്റെ ഞെട്ടലിലാണ് സുൽത്താന. കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സഹോദരനടക്കം ചിലരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
‘അവർ ഇരുമ്പ് വടി കൊണ്ട് അവന്റെ തല തകർത്തു. ഞങ്ങളെ സഹായിക്കാൻ ആരും വന്നില്ല… കുറ്റകൃത്യം നടന്ന് 30 മിനിറ്റിന് ശേഷം പോലീസ് എത്തി… രണ്ട് വ്യത്യസ്ത ബൈക്കുകളിലാണ് അക്രമികൾ വന്നത്. എന്റെ വിവാഹത്തിന് മുമ്പ് എന്റെ സഹോദരൻ എന്നെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ട്. അവൻ രണ്ടുതവണ എന്റെ കഴുത്ത് ഞെരിച്ചു. ഞാൻ ഹൈദരാബാദിലേക്ക് നാഗരാജിനൊപ്പം ഒളിച്ചോടുകയായിരുന്നു. ഞങ്ങൾ ഒരു ആര്യസമാജ ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ചു. ഞങ്ങളുടെ കുടുംബത്തിന് ഞങ്ങളെ ബന്ധപ്പെടാൻ കഴിയാത്തവിധം ഞങ്ങൾ ഒളിച്ച് താമസിക്കാൻ തീരുമാനിച്ചു. അതിനായി ഞങ്ങളുടെ സിം കാർഡ് മാറ്റി’, സുൽത്താന ന്യൂസ് 18-നോട് പറഞ്ഞു
‘ഞങ്ങൾ വിവാഹം കഴിച്ചാൽ സഹോദരൻ ഞങ്ങളെ കൊല്ലുമെന്ന് എന്റെ ഉമ്മ എനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷേ, അങ്ങനെ പറഞ്ഞെങ്കിലും കൊല്ലുമെന്ന് കരുതിയില്ല. നാഗരാജ് നടുറോഡിൽ കൊല്ലപ്പെട്ടപ്പോൾ ഞങ്ങളെ സഹായിക്കാൻ ആരും എത്തിയില്ല. ഞങ്ങളുടെ വിവാഹം കഴിഞ്ഞയുടനെ… ഞങ്ങൾ എസ്പി (പോലീസ് സൂപ്രണ്ട്) ഓഫീസിൽ പോയി… എന്റെ സഹോദരനിൽ നിന്നും ഭീഷണി ഉണ്ടെന്ന് കാണിച്ച് ഞങ്ങൾ പോലീസിൽ പരാതി നൽകി. എന്നെ വിവാഹം കഴിക്കാൻ മതം മാറാമെന്ന് വരെ നാഗരാജ് എന്റെ സഹോദരനോട് പറഞ്ഞിരുന്നു. പക്ഷേ, സഹോദരൻ കേട്ടില്ല. അവർ അവനെ കൊന്ന് കളഞ്ഞു’, സുൽത്താന കണ്ണീരോടെ പറഞ്ഞു.
അതേസമയം, രണ്ട് മാസം മുമ്പ് ആണ് നാഗരാജ് തന്റെ കാമുകിയായ സയ്യിദ് അഷ്രിൻ സുൽത്താനയെ വിവാഹം കഴിച്ചത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരും ഒളിച്ചോടി വിവാഹിതരായത്. മറ്റൊരു മതവിഭാഗത്തിൽപ്പെട്ട പെൺകുട്ടി ആയതിനാൽ വിവാഹത്തെച്ചൊല്ലി പ്രശ്നങ്ങൾ ഉയർന്നിരുന്നു. വിവാഹത്തിന് ശേഷം സുൽത്താന പല്ലവി എന്ന പേര് സ്വീകരിച്ചു. ജനുവരി 31 നായിരുന്നു ഇവരുടെ വിവാഹം. നഗരത്തിലെ മലക്പേട്ടിലെ ഒരു പ്രമുഖ കാർ ഷോറൂമിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു നാഗരാജ്.
Post Your Comments