പഞ്ചാബ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ യുവദമ്പതികളെ വെടിവെച്ചു കൊലപ്പെടുത്തി. ദമ്പതികളെ ഉപദ്രവിക്കരുതെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾക്ക് സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയതിന് ദിവസങ്ങൾക്ക് പിന്നാലെയാണ് ക്രൂരത. ലാഹോറിൽ നിന്ന് 400 കിലോമീറ്റർ അകലെ ഖനേവൽ ജില്ലയിലാണ് ദാരുണമായ സമഭാവം. 23 കാരനായ നസീർ ഗിൽ, 20 കാരിയായ റംഷ എന്നിവരാണ് കൊല്ലപ്പെട്ടത്.
റംഷയുടെ സഹോദരന്മാരായ ആദിൽ അഫ്‌സലും സുബൈർ അഫ്‌സലും രണ്ട് കൂട്ടാളികളും ചേർന്നാണ് ഇരുവരെയും കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ മാതാപിതാക്കളോട് റംഷയെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് നസീർ അറിയിച്ചിരുന്നു. എന്നാൽ, വീട്ടുകാർ ഇത് എതിർക്കുകയാണ് ചെയ്തത്. തുടർന്ന് നസീറും റംഷയും കോടതിയുടെ അനുമതി പ്രകാരം രഹസ്യമായി വിവാഹം നടത്തുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ ഷഫീഖ് അഹമ്മദ് പറഞ്ഞു.
വിവാഹശേഷം റംഷ മാതാപിതാക്കളുടെ വീട്ടിലേക്ക് തന്നെയായിരുന്നു പോയിരുന്നത്. നസീറിനെ മരുമകനാണ് സ്വീകരിക്കാൻ മാതാപിതാക്കളെ കൊണ്ട് സമ്മതിപ്പിക്കാമെന്ന് പറഞ്ഞായിരുന്നു പെൺകുട്ടി പോയത്. എന്നാൽ, രഹസ്യവിവാഹം അറിഞ്ഞ് മാതാപിതാക്കൾ റംഷയെ വീട്ടിൽ തടഞ്ഞുവെച്ചു. ഇതറിഞ്ഞ നസീർ ഭാര്യയെ വിട്ടുകിട്ടുന്നതിനായി ലാഹോർ ഹൈക്കോടതിയെ സമീപിച്ചു. തന്റെ സ്വതന്ത്ര ഇച്ഛാശക്തിയോടെയാണ് ഗില്ലിനെ വിവാഹം കഴിച്ചതെന്നും അദ്ദേഹത്തോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും റംഷ കോടതിയെ അറിയിച്ചതിനെത്തുടർന്ന്, റംഷയെ ഭർത്താവിനൊപ്പം പോകാൻ ജഡ്ജി ഉത്തരവിട്ടു. ദമ്പതികളെ ഉപദ്രവിക്കരുതെന്ന് മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ, ഇത് വകവെയ്ക്കാതെ പെൺകുട്ടിയുടെ സഹോദരന്മാരും രണ്ട് കൂട്ടാളികളും ചേർന്ന് നസീറിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ദമ്പതികളെ കൊലപ്പെടുത്തുകയായിരുന്നു.
Post Your Comments