കൊച്ചി: സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ഭക്ഷ്യവിഷബാധയും മരണവും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, എറണാകുളം ജില്ലയിൽ ജാഗ്രതയും പരിശോധനയും ശക്തമാക്കി. ആരോഗ്യ വകുപ്പും കൊച്ചിൻ കോർപ്പറേഷന്റെ ആരോഗ്യ വിഭാഗവും സംയുക്തമായാണ് പരിശോധന നടത്തിയത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ജയശ്രീ വിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
എം.ജി. റോഡിലും കലൂരിലുമുള്ള 6 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഹോട്ടലുകളെല്ലാം വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിച്ചിരുന്നത്. ഹെൽത്ത് കാർഡ് ഇല്ലാത്ത ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളും ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പഴകിയ ഭക്ഷണപദാർത്ഥങ്ങൾ ഫ്രീസറിൽ സൂക്ഷിക്കുന്നതായും പാകം ചെയ്ത മത്സ്യ, മാംസ വിഭവങ്ങൾ പാകം ചെയ്യാത്ത ഭക്ഷണപദാർത്ഥങ്ങളോടൊപ്പം ഫ്രീസറിൽ ഒന്നിച്ച് വെയ്ക്കുന്നതും കണ്ടെത്തിയിട്ടുണ്ട്. നാലു സ്ഥാപനങ്ങൾക്ക് അപാകതകൾ പരിഹരിക്കുന്നതിനും രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്നതിനും നോട്ടീസ് നൽകിയിട്ടുണ്ട്.
അപാകതകൾ കണ്ടെത്തിയ സ്ഥാപനങ്ങളിൽ പരിഹരിച്ചതിന് ശേഷം മാത്രം പ്രവർത്തിക്കുകയുള്ളൂ എന്ന് ഉറപ്പു വരുത്തുന്നതിന് തുടർ പരിശോധനകളും നടത്തുമെന്നും വരും ദിവസങ്ങളിൽ ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും പരിശോധനകൾ നടത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും മെഡിക്കൽ ഓഫീസർ അറിയിച്ചു.
Post Your Comments