കൊച്ചി രാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ തുടക്കം കുറിച്ച തൃശൂര്‍ പൂരത്തിന് 200 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂര്‍ പൂരം ആഘോഷിക്കുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ മേടമാസത്തില്‍ അര്‍ദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്ന്.
ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള പഞ്ചവാദ്യഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിന് മുമ്പുള്ള വെടിക്കെട്ട് എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്‌മസ്വം മഠത്തിലേക്ക് കൊണ്ടു പോകുന്ന പുറപ്പാട് എഴുന്നള്ളത്ത്, മഠത്തില്‍ നിന്ന് പഞ്ചവാദ്യത്തോടു കൂടിയുള്ള മഠത്തില്‍ വരവ് എഴുന്നള്ളത്ത്, ഉച്ചക്ക് പാറമേക്കാവ് ക്ഷേത്രത്തിന്റെ പൂരപ്പുറപ്പാട്, അതിനോടനുബന്ധിച്ചു ഒരു മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ചെമ്പട മേളം, ഇലഞ്ഞിത്തറ മേളം, തെക്കോട്ടിറക്കം, പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ പരസ്പരമുള്ള കൂടിക്കാഴ്ച, കുടമാറ്റം, സന്ധ്യാ സമയത്തെ ചെറിയ വെടിക്കെട്ട്, രാത്രിയിലെ പഞ്ചവാദ്യം, പുലര്‍ച്ചെയുള്ള പ്രധാന വെടിക്കെട്ട്, പിറ്റേന്നു നടക്കുന്ന പകല്‍പ്പൂരം, പകല്‍പ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയല്‍ എന്നിവയാണ് പ്രധാന ചടങ്ങുകള്‍.
തൃശൂര്‍ നഗര മദ്ധ്യത്തിലുള്ള വടക്കുംനാഥന്‍ ക്ഷേത്രത്തിലും ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിന്‍കാട് മൈതാനത്തിലുമായാണ് പൂരത്തിന്റെ ചടങ്ങുകള്‍ നടക്കുന്നത്. തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിലെ ദേവിമാരാണ് തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നതായി സങ്കല്‍പ്പിക്കപ്പെടുന്നത്. തിരുവമ്പാടി ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ കൃഷ്ണനാണെങ്കിലും, പൂരത്തില്‍ ഉപദേവതയായ ഭഗവതിയാണ് പങ്കെടുക്കുന്നത്. എട്ട് ചെറുപൂരങ്ങള്‍ കൂടി അടങ്ങുന്നതാണ് തൃശൂര്‍ പൂരമെങ്കിലും മുഖ്യ പങ്കാളികളായ തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് മാത്രമായി ചില അവകാശങ്ങള്‍ ഉണ്ട്. വടക്കുന്നാഥ ക്ഷേത്രത്തിന്റെ ചുറ്റുമുള്ള വഴിയില്‍ ഇവര്‍ക്കേ അവകാശമുള്ളൂ. പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടും കുടമാറ്റവും ഈ രണ്ടു കൂട്ടരുടെയും മാത്രം അവകാശങ്ങളാണ്.
പൂരത്തിലെ പ്രധാന ചടങ്ങാണ് ഇലഞ്ഞിത്തറ മേളം, തെക്കോട്ടിറക്കം, കുടമാറ്റം തുടങ്ങിയവയൊക്കെ. ചെറുപൂരങ്ങളുടെ എഴുന്നള്ളിപ്പോടെയാണ് പ്രധാന ദിവസത്തെ പൂരാഘോഷങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നത്. രാവിലെ ആറരയോടെ, വടക്കുന്നാഥന്റെ മുന്നിലെത്തി വണങ്ങുന്ന കണിമംഗലം ശാസ്താവ് പൂരത്തില്‍ പങ്കെടുക്കാന്‍ ആദ്യം എത്തുന്നു. പിന്നെ ഒന്നൊന്നായി മറ്റു ചെറുപൂരങ്ങള്‍ കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, നൈതലക്കാട്ട് ഭഗവതി, ലാലൂര്‍ ഭഗവതി, പനയ്ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോള്‍ കാര്‍ത്ത്യായനി ഭഗവതി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ടു ക്ഷേത്രങ്ങളിലെ ദേവതമാര്‍ ചെറുപൂരവുമായി എത്തും.
Post Your Comments