കാസർഗോഡ്: കാസർഗോഡ് ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. ഷിഗെല്ല ബാക്ടീരിയ ദേവനന്ദയുടെ ഹൃദയത്തെയും തലച്ചോറിനേയും ബാധിച്ചതാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. സ്രവങ്ങളുടെ അന്തിമ പരിശോധനാ ഫലവും ഇന്ന് ലഭിക്കും. ഷവർമ്മ കഴിച്ചുണ്ടായ ഭക്ഷ്യവിഷബാധയ്‌ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ ആണെന്ന് കാസർഗോഡ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എം.വി.രാംദാസും അറിയിച്ചു.
അതേസമയം, ഐസിയുവിൽ കഴിയുന്ന മറ്റു രണ്ടു വിദ്യാർത്ഥിനികൾക്കും ഷിഗെല്ല വൈറസ് ഹൃദയത്തെയും തലച്ചോറിനെയും ബാധിച്ചിട്ടുണ്ട്. ഇതിനിടെ, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ മൂന്ന് പേരുടെ സ്രവ സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധിച്ചപ്പോൾ അവയിലും ഷിഗെല്ലയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. എല്ലാവർക്കും രോഗലക്ഷണങ്ങൾ സമാനമായതിനാൽ ഷിഗെല്ല തന്നെയാണ് ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമെന്നാണ് വിലയിരുത്തൽ.
നിലവിൽ, 52 പേരാണ് ഷവർമ്മ കഴിച്ച് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. അതേസമയം, ദേവനന്ദ ഷവർമ്മ കഴിച്ച ഐഡിയൽ കൂൾബാർ മാനേജരും കേസിലെ മൂന്നാം പ്രതിയുമായ കാസർഗോഡ് പടന്ന സ്വദേശി അഹമ്മദ് ഇന്നലെ അറസ്റ്റിലായിരുന്നു. കേസിൽ മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്.
സംഭവം അന്വേഷിക്കുന്ന എഡിഎം നാളെയാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. സ്ഥാപനത്തിന്റെ ഉടമ കുഞ്ഞമ്മദിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനും ആലോചനയുണ്ട്. ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ വിവിധയിടങ്ങളിൽ ഹോട്ടലുകളിലും മറ്റും വ്യാപക പരിശോധനകൾ നടക്കുകയും പഴകിയ ഭക്ഷണം പിടിച്ചെടുക്കുകയും നിരവധി സ്ഥാപനങ്ങൾ പൂട്ടുകയും ചെയ്തിരുന്നു.
Post Your Comments