റഷ്യ ഉക്രൈൻ അധിനിവേശം ആരംഭിച്ചിട്ട് ഇന്നേക്ക് 70 ദിവസം പിന്നിടുകയാണ്. കഴിഞ്ഞ ഫെബ്രുവരി 24നാണ്, ‘സ്പെഷ്യൽ മിലിറ്ററി ഓപ്പറേഷൻ’ എന്ന ഓമനപ്പേരിൽ റഷ്യൻ കരസേന ഉക്രൈൻ ലക്ഷ്യമാക്കി നീങ്ങിയത്.
നാനാവശങ്ങളിലൂടെ വളഞ്ഞിട്ട് ആക്രമിച്ചു കഴിഞ്ഞാൽ ഉക്രൈൻ എളുപ്പം പിടിച്ചടക്കാമെന്ന് റഷ്യൻ ഭരണകൂടം കരുതി. എന്നാൽ, ആക്രമണം മുൻകൂട്ടി മനസ്സിലായിരുന്ന യൂറോപ്യൻ രാജ്യങ്ങൾ കണക്കറ്റ ആയുധമാണ് ഉക്രൈനിലേക്ക് ഒഴുക്കിയത്. ഉക്രൈന്റെ സൈന്യം കയ്യും മെയ്യും മറന്നു പോരാടിയെങ്കിലും, റഷ്യയുടെ ആയുധബലം വളരെ വലുതായതിനാൽ, സാധാരണ ജനങ്ങളോടും ആയുധമെടുത്ത് യുദ്ധം ചെയ്യാൻ ഉക്രൈൻ പ്രസിഡന്റ് സെലൻസ്കി ആവശ്യപ്പെട്ടു.
യുദ്ധം ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ തടവുകാരെ തുറന്നു വിടാമെന്നും, താല്പര്യമുള്ളവർക്ക് ആയുധങ്ങൾ കൊടുക്കാനും സെലൻസ്കി ഉത്തരവിട്ടു. എങ്കിലും, ഈ ഘട്ടത്തിൽ മാത്രം ഉക്രൈന് പിഴച്ചു. സാധാരണ പൗരൻമാരെ ആദ്യഘട്ടങ്ങളിൽ കൊല്ലാതെ വെറുതെ വിട്ട റഷ്യ, ഉക്രൈൻ ജനത ആയുധമെടുത്തതോടെ സകലരെയും വേട്ടയാടിത്തുടങ്ങി. കൈയിൽ കിട്ടിയ എല്ലാവരെയും കൊന്നു തീർത്ത റഷ്യൻ സൈന്യം നഗരങ്ങൾ ഓരോന്നായി പിടിച്ചടക്കിക്കൊണ്ടിരുന്നു.
കീവ്, ബുക്ക, മരിയുപോൾ തുടങ്ങിയ വൻനഗരങ്ങൾ ഒന്നൊന്നായി റഷ്യയുടെ സൈന്യത്തിനു മുന്നിൽ പൊരുതി വീണു. എങ്കിലും അതിനെല്ലാം കനത്ത വില റഷ്യ കൊടുക്കേണ്ടി വന്നു. തോളിൽ വച്ച് വിക്ഷേപിക്കാവുന്ന ജാവലിൻ പോലുള്ള മാൻ പോർട്ടബിൾ മിസൈലുകൾ ഉപയോഗിച്ച് നിരവധി റഷ്യൻ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉക്രൈൻ വെടിവെച്ചിട്ടു.
റഷ്യൻ വ്യോമസേനയ്ക്ക് കനത്ത നഷ്ടമാണ് സംഭവിച്ചത്.
എങ്കിലും, ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെയോ ഭരണകൂടത്തിലെ ആരെയെങ്കിലുമോ പിടികൂടാൻ ഇതുവരെ റഷ്യയ്ക്ക് സാധിച്ചിട്ടില്ല. താൻ ഇതുവരെ ഉക്രൈൻ വിട്ട് പോയിട്ടില്ലെന്ന് പ്രഖ്യാപിച്ച് സെലെൻസ്കി
നിരന്തരമായി വീഡിയോ സന്ദേശങ്ങളിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. ഇതിനോടകം, നിരവധി വിദേശ രാഷ്ട്രത്തലവന്മാർ ഉക്രൈനിൽ വന്നിറങ്ങി സെലെൻസ്കിയെ കണ്ടു പോയെങ്കിലും റഷ്യൻ സൈന്യത്തിന് മാത്രം അദ്ദേഹം എവിടെയാണെന്ന് പിടികിട്ടിയിട്ടില്ല.
ഉക്രൈൻ അധിനിവേശം 70 ദിവസം പിന്നിട്ടിട്ടും, റഷ്യ ഇപ്പോഴും ആരംഭിച്ചിടത്ത് തന്നെയാണ് നിൽക്കുന്നത്.
Post Your Comments