ആലപ്പുഴ: ദേവസ്വം പ്രസിഡന്റ് അജിത്ത് എല്ലാ റംസാൻ കാലത്തും മുടങ്ങാതെ നോമ്പ് നോക്കാറുണ്ട്. 21 വര്‍ഷമായി തുറവൂര്‍ ചന്ദിരൂര്‍ സ്വദേശിയായ അജിത്ത് ഈ പതിവ് തെറ്റിച്ചിട്ടില്ല. നോമ്പ് എടുക്കുന്നുണ്ടെന്ന് കരുതി ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങൾക്കും യാതൊരു കുറവും ഉണ്ടാകാറില്ലെന്ന് ചന്ദിരൂര്‍ കുമര്‍ത്തുപടി ദേവീക്ഷേത്രത്തിന്റെ പ്രസിഡന്റ് ആയ അജിത്ത് പറയുന്നു. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പുലര്‍ച്ചെ എഴുന്നേറ്റ് ഭക്ഷണം കഴിച്ചാല്‍ സന്ധ്യക്ക് മഗ്‌രിബ് ബാങ്ക് കൊടുത്താലേ ഭക്ഷണം കഴിക്കൂ എന്നദ്ദേഹം പറയുന്നു. ഏഴ് വർഷത്തോളമായി കുടുംബവും തന്റെ കൂടെ നോമ്പെടുക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. നോമ്പെടുക്കുന്നതു കൊണ്ട് ക്ഷേത്രകാര്യങ്ങളിലോ മറ്റു ദൈനംദിന പ്രവര്‍ത്തനങ്ങളിലോ ഒരു മാറ്റവുമില്ലെന്ന് പറഞ്ഞ അജിത്ത്, ഈ വിഷുദിനത്തിൽ നോമ്പ് എടുത്തില്ലെന്നും വ്യക്തമാക്കി. വൈകിട്ട് നോമ്പ് തുറയ്ക്ക് വേണ്ട എല്ലാം ഭാര്യയാണ് ചെയ്യുന്നതെന്ന് ചെമ്മീൻ കെട്ട് ബിസിനസുകാരനായ അജിത്ത് വ്യക്തമാക്കുന്നു.
Also Read:ഗൂഗിളിൽ നിന്നും വ്യക്തിഗത വിവരങ്ങൾ നീക്കം ചെയ്യണോ? പുതിയ മാറ്റങ്ങളുമായി കമ്പനി
‘മുസ്ലിംസ് നോമ്പ് നോക്കുന്നത് പോലെ തന്നെയാണ് ഞങ്ങളും നോക്കുന്നത്. അതെ അനുകരണം തന്നെ. ചെറുപ്പത്തിൽ മുസ്ലിംസിന്റെ കൂടെയായിരുന്നു കൂടുതലും ജോലി ചെയ്തിരുന്നത്. നല്ല കാര്യമാണെന്ന് തോന്നി. ശരീരത്തിന് ഗുണകരമാണ്. ദൈവീകമായ കാര്യമാണല്ലോ. നല്ലതെന്ന് തോന്നുന്ന എന്തിനെയും അനുകരിക്കാൻ ഇഷ്ടമാണ്. എല്ലാ മതങ്ങളും ജനങ്ങളുടെ നന്മയാണ് പറയുന്നത്. ഞങ്ങളുടേതാണ് ശരി, എന്റേതാണ് ശരി എന്ന തോന്നലാണ് പ്രശ്നം. സഹോദരങ്ങളെ പോലെ എല്ലാവരും ജീവിക്കണം. എല്ലാത്തിലും പറഞ്ഞിരിക്കുന്നത് ഒന്നാണെന്ന് മനസിലാക്കിയാൽ മതി’, അജിത്ത് പറയുന്നു.
Post Your Comments