കൊച്ചി: ലൈംഗിക പീഡനക്കേസിൽ പെട്ട നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ താരസംഘടനയായ അമ്മ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് സംഘടനയുടെ പരാതി പരിഹാരസെൽ അധ്യക്ഷ സ്ഥാനത്ത് നിന്നും ശ്വേത മേനോൻ രാജിവെച്ചു. സെല്ലിലെ അംഗമായ കുക്കു പരമേശ്വരനും രാജി നൽകി. സംഘടനയിലെ അംഗമായ മാല പാർവതി നേരത്തെ രാജിവെച്ചിരുന്നു. വിജയ് ബാബുവിനെതിരെ അമ്മ സ്വീകരിച്ച മൃദു സമീപനം ചൂണ്ടിക്കാട്ടിയായിരുന്നു രാജി.
വിജയിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളായിരുന്നു ഉയര്‍ന്നത്. വിജയിനെതിരെ നടപടിയുണ്ടായില്ലെങ്കില്‍ എക്‌സിക്യുട്ടീവ് സ്ഥാനത്തുനിന്നും മാറുമെന്ന് ബാബുരാജും വ്യക്തമാക്കിയിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തിയതിലൂടെ സുപ്രീം കോടതിയെ വെല്ലുവിളിക്കുകയാണ് അദ്ദേഹം ചെയ്തത്. അത് അംഗീകരിക്കാനാവുന്നതല്ലെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു.
വിജയ് ബാബുവിന് ജാമ്യം ലഭിക്കുന്നതെ വരെ അദ്ദേഹത്തെ അമ്മയില്‍ നിന്നും പുറത്താക്കേണ്ടതില്ലെന്നായിരുന്നു ഒരുവിഭാഗം ആവശ്യപ്പെട്ടത്. അദ്ദേഹത്തിന് 15 ദിവസത്തെ സമയം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ബറോസ് ചിത്രീകരണവുമായി ബന്ധപ്പെട്ട് ഗോവയിലായതിനാല്‍ പ്രസിഡന്റായ മോഹന്‍ലാല്‍ യോഗത്തിന് എത്തിയിരുന്നില്ല. അമ്മ വിജയ് ബാബുവിനൊപ്പമാണെന്നാണ് ഉയരുന്ന ആക്ഷേപം.
Post Your Comments