കൗമാരക്കാരെയും വിദ്യാർത്ഥികളെയും ലക്ഷ്യം വയ്ക്കുന്ന നിരവധി വ്യാജ ആപ്പുകൾ ഇന്ന് പ്രവർത്തനം നടത്തുന്നുണ്ട്. അത്തരത്തിൽ അനധികൃത പണമിടപാട് നടത്തുന്ന മൊബൈൽ ആപ്പുകൾക്കെതിരെ ജാഗ്രത പാലിക്കാൻ സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകി. നിയമവിരുദ്ധമായ പണമിടപാടുകൾ നടത്തുന്ന ഈ ആപ്പുകൾ കൂടുതലായും വിദ്യാർത്ഥികളെ കേന്ദ്രീകരിക്കുന്നു. ഇത്തരം നിയമവിരുദ്ധ പണമിടപാട് സംബന്ധിച്ച പരാതികൾ ലഭിച്ചാൽ കർശന നിയമ നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
അനായാസം ലഭ്യമാകുന്ന കെവൈസി രേഖകൾ മാത്രം ഉപയോഗിച്ച് വായ്പകൾ നൽകുന്നു എന്നതാണ് ഇത്തരം ആപ്പുകളുടെ പ്രധാന ആകർഷണീയത. അതുകൊണ്ടുതന്നെ, പലരും ഇത്തരം വായ്പാ ആപ്പുകളിലേക്ക് ആകൃഷ്ടരാകുന്നു. മൊബൈൽ ഫോണുകളിൽ ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഫോണിലെ കോൺടാക്ട് ലിസ്റ്റ് ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകാനുള്ള അനുവാദം ഈ ആപ്പുകൾ നേടും.
കെവൈസി വിവരങ്ങൾ നൽകിയാൽ എളുപ്പത്തിൽ ലോൺ ലഭ്യമാവുകയും 3000 രൂപ വായ്പ എടുത്താൽ വിവിധ ചാർജുകൾ കഴിച്ച് 2220 നും 2600 നും ഇടയിലുള്ള തുക വായ്പ എടുക്കുന്ന ആളുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ആകും. ഏതാണ്ട് ഏഴ് ദിവസമാണ് വായ്പാ തിരിച്ചടവ് കാലാവധി. മുൻപ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ കോൺടാക്ട് പരിശോധിക്കാനുള്ള അനുമതി നൽകുന്നതിനാൽ വായ്പ കാലാവധിക്കുശേഷം പണം തിരിച്ചടക്കാൻ പറ്റിയില്ലെങ്കിൽ കോൺടാക്ട് ലിസ്റ്റിൽ ഉള്ളവരെ വിളിച്ച് നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണെന്ന് ഭീഷണിപ്പെടുത്തും. ഇത്തരം പ്രശ്നങ്ങൾ ഭയന്ന് പലരും വേഗത്തിൽ തന്നെ പണം തിരിച്ചടക്കും. മറ്റു ചിലരാവട്ടെ ബന്ധുക്കളും സുഹൃത്തുക്കളും സമ്മർദ്ദം ചെലുത്തുന്നതു വഴി ആത്മഹത്യയിലേക്ക് വഴിമാറുന്നു. ഈ സാഹചര്യത്തിലാണ് ഡിജിപി കർശനമായ ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്.
Post Your Comments