
ബേപ്പൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നടുവട്ടം പെരച്ചനങ്ങാടി സ്വദേശി അദീബ് മഹലിൽ അദീബ് (32) ആണ് അറസ്റ്റിലായത്.
പ്രണയം നടിച്ച് യുവതിയെ രണ്ടു മാസം മുമ്പ് ഗോവയിലേക്ക് തട്ടിക്കൊണ്ടു പോയി ലഹരി നൽകി പീഡിപ്പിച്ചെന്നാണ് കേസ്. യുവതിയുടെ മൂന്നര പവൻ ആഭരണങ്ങൾ തട്ടിയെടുക്കുകയും സുഹൃത്തിന്‍റെ സഹായത്തിൽ വിൽപന നടത്തിയതായും പരാതിയുണ്ട്. ഗോവയിൽ താമസിപ്പിച്ച് യുവതിക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ഇയാൾ, സ്വർണം വിറ്റ പണം തീർന്നപ്പോൾ മടങ്ങും വഴി മംഗളൂരു റെയിൽവേ സ്റ്റേഷനിൽ യുവതിയെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.
ബന്ധുക്കൾ നൽകിയ പരാതിയിൽ ബേപ്പൂർ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിൽ മംഗളൂരു റെയിൽവേ സ്റ്റേഷനിൽ മനോനില തെറ്റിയ നിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു. യുവതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം, പിന്നീട് ലഹരിമുക്തകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് ക്രൂരപീഡനം പുറത്ത് വന്നത്.
ഒളിവിലായിരുന്ന പ്രതിയെ, ഇൻസ്പെക്ടർ വി.സിജിത്തിന്‍റെ നേതൃത്വത്തിൽ ബന്ധുവീടിന് സമീപത്തുവെച്ചാണ് അറസ്റ്റ് ചെയ്തത്. എസ്.ഐ സി. അബ്ദുൽ വഹാബ്, എ.എസ്.ഐ പി. അരുൺ, സീനിയർ സി.പി.ഒ കെ. വിനോദ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Post Your Comments