മോസ്കോ: ലോകം ഇതുവരെ കാണാത്ത സ്മാർട്ട് മൈനുകൾ പരീക്ഷിച്ച് റഷ്യ. പി.ടി.കെ.എം -1ആർ എന്ന അത്യന്താധുനിക ടാങ്ക് വേധ മൈനുകളാണ് റഷ്യ ഉക്രൈനിൽ പരീക്ഷിക്കുന്നത്. വർഷങ്ങൾക്കു മുൻപേ വികസിപ്പിച്ചെടുത്തതാണെങ്കിലും റഷ്യ ആദ്യമായാണ് യുദ്ധരംഗത്ത് ഇത് ഉപയോഗിക്കുന്നത്.
പി.ടി.കെ.എം -1ആർ പൂർണ്ണമായും പീരങ്കികൾ നശിപ്പിക്കാൻ വേണ്ടി മാത്രം രൂപം കൊടുത്ത ഒരു ആയുധമാണ്. എട്ട് നിലത്തുറപ്പിക്കാവുന്ന കാലുകൾ ഉപയോഗിച്ച് ഇവ യുദ്ധഭൂമിയിൽ എവിടെയെങ്കിലും ഉറപ്പിക്കും. എന്നിട്ട് ശത്രുവിന്റെ പീരങ്കികൾ വരുന്നതു വരെ ക്ഷമയോടെ കാത്തു നിൽക്കും. നാലു ദിശകളിലേക്കായി സ്ഥാപിച്ചിട്ടുള്ള സെൻസറുകൾ, ശത്രുക്കളുടെ പീരങ്കികൾ സമീപിക്കുന്നത് തിരിച്ചറിയും.
അങ്ങനെ ടാങ്കുകൾ അടുത്തെത്തിയാലുടനെ ഈ മൈൻ ആകാശത്തേയ്ക്ക് ഒരു സ്ഫോടകവസ്തു വിക്ഷേപിക്കും. പിന്നീട്, വായുവിൽ നിന്നും ആ സ്ഫോടക വസ്തു ടാങ്കിന്റെ മുകൾഭാഗം ലക്ഷ്യമാക്കി പതിക്കും. ഒരു ടാങ്ക് ഏറ്റവുമധികം
ഭേദ്യമാകുന്നത് മുകളിൽ നിന്ന് ആക്രമിക്കുമ്പോഴാണെന്നതിനാൽ, ആ ആക്രമണത്തിൽ ടാങ്ക് ഛിന്നഭിന്നമായിപ്പോകും. ഇപ്രകാരമാണ് റഷ്യയുടെ സ്മാർട്ട് മൈൻ പ്രവർത്തിക്കുക.
Post Your Comments