ചെന്നൈ: തീ പിടിത്തം പതിവാകുന്ന ഇലക്ട്രിക് സ്കൂട്ടർ പരമ്പരകളിലേക്ക് ഇനി ചെന്നൈയിലെ സതീഷ് എന്നയാളുടെ സാഹസികമായ രക്ഷപ്പെടൽ കൂടി ചേർത്ത് വക്കേണ്ടതുണ്ട്. ബംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിലെ സൂപ്പര്‍വൈസറായ സതീഷ് ആഗ്രഹിച്ചു വാങ്ങിയ ഇലക്ട്രിക് ബൈക്കാണ് നിമിഷ നേരം കൊണ്ട് കത്തിയമർന്നത്. സീറ്റിനടിയില്‍ നിന്ന് പെട്ടെന്ന് സ്കൂട്ടറിന് തീപിടിക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ മൊഴി.
AlsO Read:ചർമത്തിന് മൃദുത്വവും സൗന്ദര്യവും വർദ്ധിപ്പിക്കാൻ
ഇലക്ട്രിക് സ്കൂട്ടറുകൾ പൊട്ടിത്തെറിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ധാരാളം സംഭവങ്ങൾ നിരന്തരമായി അരങ്ങേറുന്നുണ്ട്. ഇവയിൽ തന്നെ പലരും ഈ അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നത് സാഹസികമായിട്ടായിരിക്കും. വാഹനത്തില്‍ തീപിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ചാടിയാണ് സതീഷ് രക്ഷപ്പെട്ടത്. വഴിയാത്രക്കാര്‍ ഓടിയെത്തി പിന്നീട് തീയണയ്ക്കുകയായിരുന്നു. എന്നാല്‍, വാഹനം നിമിഷ നേരങ്ങൾ കൊണ്ട് കത്തി നശിച്ചതായി പൊലീസ് പറഞ്ഞു.
അതേസമയം, രാജ്യത്ത് ഇത്തരം പൊട്ടിത്തെറികളുടെ ഒരു പരമ്പര, ബാറ്ററികളുടെ സുരക്ഷയില്‍ തന്നെ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇലക്‌ട്രിക് ബൈക്ക് പൊട്ടിത്തെറിച്ചുണ്ടായ പുകയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് വെല്ലൂര്‍ ജില്ലയില്‍ അച്ഛനും മകളും ശ്വാസംമുട്ടി മരിച്ചത്. ഈ മാസം ആദ്യം തെലങ്കാനയിലെ വീട്ടില്‍ ചാര്‍ജിംഗിനായി സൂക്ഷിച്ചിരുന്ന ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചും ഒരാള്‍ മരിച്ചിരുന്നു. അപകടങ്ങൾ പതിവാകുമ്പോഴും ഇലക്ട്രിക് ബൈക്കുകൾ വീണ്ടും വിപണി വാഴുകയാണ്. അതുകൊണ്ട് തന്നെ അതിന്റെ സുരക്ഷയെക്കുറിച്ചും നമ്മൾ ബോധവാന്മാരാകേണ്ടതുണ്ട് എന്ന് ഇത്തരം സംഭവങ്ങൾ സൂചിപ്പിക്കുന്നു.
Post Your Comments