കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായി നാട് വിട്ട നടൻ വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് ബാബുരാജും ശ്വേതാ മേനോനും. അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ നിന്നും ഇയാളെ പുറത്താക്കണമെന്ന ആവശ്യമാണ് ഇരുവരും ഉന്നയിച്ചിരിക്കുന്നത്. വിജയ് ബാബുവിനെതിരെ ‘അമ്മ’ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ രാജി വെയ്ക്കുമെന്നാണ് ഇവർ സംഘടനയെ അറിയിച്ചിരിക്കുന്നത്.
വിജയ് ബാബുവിനെതിരെ ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ എക്സിക്യൂട്ടീവ് സ്ഥാനത്ത് നിന്ന് രാജിവെക്കുമെന്ന് ബാബുരാജ് വ്യക്തമാക്കി. ഇന്ത്യയിൽ ആദ്യമായാണ് ഒരു ഐസി കമ്മിറ്റി ഇത്തരമൊരു തീരുമാനം എടുത്തത്. അതിൽ നടപടിയുണ്ടായില്ലെങ്കിൽ രാജിവെക്കുമെന്ന് ഇരുവരും അറിയിച്ചു. വിജയ് ബാബുവിന് സമയം അനുവദിച്ച് കൊടുക്കേണ്ട ആവശ്യമില്ലെന്ന നിലപാടാണ് ഐ.സി.സി എടുത്തിരിക്കുന്നത്.
വിജയ് ബാബുവിനെ തത്കാലം പുറത്താക്കേണ്ടതില്ല എന്ന് ചില അംഗങ്ങൾ അഭിപ്രായപ്പെട്ടിരുന്നു. വിജയ് ബാബുവിന് 15 ദിവസം സമയം അനുവദിക്കണം. കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ വിജയ് ബാബുവിനെ പുറത്താക്കരുത് എന്നാണ് ആവശ്യം. വിജയ് ബാബുവിനെ പുറത്താക്കിയാൽ ജാമ്യത്തെ ബാധിക്കുമെന്ന് ചില എക്സിക്യൂട്ടീവ് അംഗങ്ങൾ അറിയിച്ചു. ഈ തീരുമാനമാണ് ഐസി കമ്മിറ്റി തള്ളിയത്.
ഇതുസംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്നലെ ശ്വേത മേനോൻ അധ്യക്ഷയായ ഐസി കമ്മിറ്റിയുടെ യോഗം നടന്നിരുന്നു. രചന നാരായണൻകുട്ടി, കുക്കു പരമേശ്വരൻ, മാല പാർവതി തുടങ്ങിയവരും കമ്മിറ്റിയിൽ അംഗങ്ങളായിരുന്നു. വിജയ് ബാബുവിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് ഐസി രേഖാമൂലം എഴുതി കൊടുത്തിരുന്നു. വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയതിലൂടെ സുപ്രീം കോടതിയെ പോലും വെല്ലുവിളിക്കുന്ന നടപടിയാണ് സ്വീകരിച്ചത്. അത് അംഗീകരിക്കാനാവില്ലെന്നും നടപടി ഉണ്ടാകണമെന്നുമാണ് കമ്മിറ്റി നിർദ്ദേശിക്കുന്നത്.
Post Your Comments