കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിനെ തിരികെ ഇന്ത്യയിലെത്തിക്കാന്‍ പോലീസ് നീക്കം തുടങ്ങി. ദുബായിലേക്ക് കടന്ന വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടാനാണ് ശ്രമം. അതേസമയം, മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പതിനാറാം തീയതിയിലേക്ക് മാറ്റിയതിനാല്‍ അറസ്റ്റ് നടപടികള്‍ നീളാനും സാധ്യതയുണ്ട്.
പീഡന പരാതിക്കു പിന്നാലെ, കഴിഞ്ഞ ഇരുപത്തിനാലിനാണ് വിജയ് ബാബു ബെംഗളൂരു വഴി ദുബായിലേക്ക് കടന്നത്. ഇയാളുടെ എമിഗ്രേഷന്‍ വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. രാജ്യത്തേക്ക് തിരിച്ച് എത്തിക്കണമെങ്കില്‍ നയതന്ത്രപരമായ നടപടികള്‍ ആവശ്യമാണ്.
അന്വേഷണവുമായി സഹകരിക്കാന്‍ വിജയ് ബാബു തയാറായില്ലെങ്കില്‍ പാസ്പോർട്ട് റദ്ദാക്കാനുള്ള അപേക്ഷ സമര്‍പ്പിക്കുമെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം, പരാതി നല്‍കി രണ്ടുദിവസം കഴിഞ്ഞ് പ്രതി വിദേശത്തേക്ക് കടക്കുന്നത് തടയാന്‍ പോലീസിന് കഴിഞ്ഞില്ലെന്നത് വിമർശനത്തിനിടയാക്കിയിട്ടുണ്ട്.
Post Your Comments