Latest NewsNewsInternational

പൊട്ടിത്തെറിക്കാൻ തയ്യാറായി മൂന്ന് സ്ത്രീകൾ കൂടി: സ്ത്രീ ചാവേറുകളുടെ എണ്ണം വർധിക്കുന്നു, ബലൂച് വിമതരുടെ പുതിയ കുതന്ത്രം

ഇസ്ലാമാബാദ്: ചാവേർ ആക്രമണങ്ങളുടെ കേന്ദ്രമായി അറിയപ്പെടുന്ന പാകിസ്ഥാനിൽ നിന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്ത ഞെട്ടിക്കുന്നതായിരുന്നു. കറാച്ചി സർവകലാശാലയിൽ വിദ്യാസമ്പന്നയും രണ്ട് കുട്ടികളുടെ അമ്മയുമായ ഒരു സ്ത്രീ സ്വയം പൊട്ടിത്തെറിച്ച സംഭവം ഏവരെയും ഞെട്ടിച്ചു. ഷാരി ബലൂച് എന്ന യുവതി ചാവേറായി പൊട്ടിത്തെറിച്ചപ്പോൾ കൂടെ മരിച്ചത്, മൂന്ന് ചൈനീസ് പൗരന്മാരടക്കം നാല് പേർ ആണ്. കറാച്ചി സർവകലാശാലയിലെ ചൈനീസ് ഭാഷാ അധ്യാപന കേന്ദ്രമായ കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപമാണ് സ്‌ഫോടനം നടന്നത്. കൃത്യമായ അന്വേഷണത്തിനൊടുവിൽ ശാരി മാത്രമല്ല സംഘത്തിൽ ഉള്ളതെന്നാണ് ലഭിക്കുന്ന വിവരം. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ ഭാഗമായ കൂടുതല്‍ വനിതാ ചാവേറുകള്‍ പൊട്ടിത്തെറിക്കാൻ തയ്യാറായി നിൽക്കുന്നതായാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന റിപ്പോർട്ട്.

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി എന്ന തീവ്രവാദ സംഘടനയിൽ നിന്നും ആദ്യമായാണ് ഒരു സ്ത്രീ ചാവേർ ആകുന്നത്. എന്നാൽ, പാകിസ്ഥാനിൽ ഇത് സ്ഥിരം കാഴ്ചകളിൽ ഒന്നാണ്. കഴിഞ്ഞ 10-12 വർഷത്തിനിടയിൽ പാകിസ്ഥാനിൽ നിരവധി പേർ ചാവേറുകളായിട്ടുണ്ട്. 2010 ഡിസംബർ 25-ന്, തെഹ്‌രിക്-ഇ താലിബാൻ പാകിസ്ഥാനിൽ (ടിടിപി) നിന്നും, ഒരു ബുർഖ ധരിച്ച ഒരു സ്ത്രീ ബജൗർ ഏജൻസിയിലെ ഖാർ ഏരിയയിലെ ലോക ഭക്ഷണ പരിപാടിയുടെ ഭക്ഷണ വിതരണ കേന്ദ്രത്തിൽ പ്രവേശിച്ച് സ്വയം പൊട്ടിത്തെറിച്ചിരുന്നു. 47-ലധികം പേർ കൊല്ലപ്പെടുകയും 100-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം പാകിസ്ഥാനെ ഞെട്ടിച്ചിരുന്നു.

Also Read:പാളയത്ത് പള്ളി കത്രീഡല്‍ ആക്കിയതില്‍ പ്രതിഷേധം: എല്‍എംഎസ് പള്ളിക്ക് മുന്നില്‍ വിശ്വാസികള്‍ റോഡ് ഉപരോധിക്കുന്നു

കൃത്യം ആറ് മാസത്തിന് ശേഷം, ദേര ഇസ്മായിൽ ഖാനിലെ കുളച്ചി പോലീസ് സ്റ്റേഷനിൽ ഉസ്ബെക്ക് ദമ്പതികൾ ചാവേർ ആക്രമണം നടത്തി 10 പോലീസുകാരെ കൊലപ്പെടുത്തിയിരുന്നു. മുമ്പത്തെപ്പോലെ, ഇത്തവണയും ആക്രമണം നടത്തിയത് ടിടിപിയാണ്. സ്ത്രീ ചാവേർ ബൊംബർമാരെ നിയമിക്കുന്നത് സംബന്ധിച്ച കൃത്യവിവരങ്ങൾ പോലീസിനും സേനയ്ക്കും ലഭിച്ചത് ഇതോടെയാണ്. അതേ വർഷം ആഗസ്റ്റ് 11 ന്, പെഷവാറിൽ ഒരു ചെക്ക് പോസ്റ്റിൽ മറ്റൊരു സ്ത്രീയും ചാവേർ ആയി പൊട്ടിത്തെറിച്ചു.

പാക്കിസ്ഥാനിൽ മാത്രമല്ല, ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും സ്ത്രീകൾ ചാവേറാക്രമണം നടത്തുന്ന സംഭവങ്ങൾ വർധിച്ചു വരികയാണ്. ലോകത്തിലെ മിക്കവാറും എല്ലാ സ്ത്രീ ചാവേറുകളും ഇസ്ലാമിക ഭീകര സംഘടനകളിൽ നിന്നുള്ളവരാണ്. എന്തുകൊണ്ടാകും സ്ത്രീ ചാവേറുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്നത്? ഇതിന് വിവിധ കാരണങ്ങളാണ് ദേശീയ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഭീകര സംഘടനകൾക്ക് പെൺ ചാവേറുകൾ ഒരു എളുപ്പവഴിയാണ്. സുരക്ഷാ സേന ഇക്കാര്യത്തിൽ അജ്ഞാതരാണ്. ഒരു സ്ത്രീയായതിനാൽ അവർക്ക് കൂടുതൽ സഞ്ചാര സ്വാതന്ത്ര്യമുണ്ട്.

ഇസ്ലാമിക സമൂഹത്തിൽ നിന്നുള്ളവരാണെങ്കിൽ ഈ സ്ത്രീ ചാവേറുകളെ തടഞ്ഞു നിർത്തി പരിശോധിക്കുക എന്നത് കുറച്ച് ബുദ്ധിമുട്ട് ആണ്. ഈ വനിതാ ചാവേറുകൾ പരമ്പരാഗത ഇസ്ലാമിക ബുർഖയോ മൂടുപടമോ ആണ് ധരിക്കുക. അതിനാൽ തന്നെ, ബുർഖയ്ക്കുള്ളിലെ ആത്മഹത്യാ സ്‌ഫോടക വലയങ്ങളോ തോക്കുകളോ സുരക്ഷാ സേനയ്ക്ക് കണ്ടെത്താൻ കഴിയില്ല. ഇത്തരം വസ്തുക്കൾ എളുപ്പത്തിൽ ഇവർക്ക് പർദ്ദയ്ക്കുള്ളിൽ ഒളിപ്പിക്കാൻ കഴിയും. ഇതുകൊണ്ടൊക്കെയാണ് തീവ്രവാദ സംഘടനകൾ സ്ത്രീകളെ ചാവേറുകളായി അയക്കുന്നത്.

Also Read:മുഖത്തെ എണ്ണമയം കുറയ്ക്കാന്‍

പാകിസ്ഥാൻ അല്ലെങ്കിൽ മിഡിൽ ഈസ്റ്റ് പോലുള്ള സ്ഥലങ്ങളിൽ, വനിതാ ഭീകരർ ഉയർത്തുന്ന ഭീഷണിയെ നേരിടാൻ പോലീസിലും സുരക്ഷാ സേനയിലും വേണ്ടത്ര സ്ത്രീകളില്ല. തൽഫലമായി, ഈ വനിതാ ചാവേർ ബോംബർമാരുടെ വിജയ നിരക്ക് ഏകദേശം 100% ആണ്. ഇത് ലോകമെമ്പാടുമുള്ള തീവ്രവാദ ഗ്രൂപ്പുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഒരു സ്ത്രീ ചാവേർ പോലും പിടിക്കപ്പെടാതെ വരുന്നതോടെ, സ്ത്രീകളെ ഇതിനായി തിരഞ്ഞെടുക്കാൻ തീവ്രവാദ സംഘടനകൾ തയ്യാറാകുന്നു. ഇത് ലോകത്ത് വളരെ ഉയർന്ന അപകടസാധ്യതയുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. നല്ല നിലയിൽ കഴിയുന്ന ഒരു സ്ത്രീ, ചാവേറാകുന്നതിന്റെ പിന്നിലെ ചലനാത്മകത മനസ്സിലാക്കുക എന്നത് വളരെ പ്രധാനപ്പെട്ട വിഷയം തന്നെയാണ്. ഈ അപകടസാധ്യത ലഘൂകരിക്കുന്നതിനും അതിനെ പ്രതിരോധിക്കുന്നതിനും നിരവധി വശങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്.

2002-ൽ ജറുസലേമിൽ വഫാ ഇദ്രിസ് സ്വയം പൊട്ടിത്തെറിച്ചപ്പോൾ, അറബ് ലോകത്തെ മുഴുവൻ മാധ്യമങ്ങളും അവളെ പ്രശംസിച്ചു. സൗദി അറേബ്യയിലെ ഉയർന്ന റാങ്കിലുള്ള ആത്മീയ നേതാക്കൾ പോലും അവളുടെ പ്രവർത്തനങ്ങളെ ഇസ്‌ലാമിന്റെ മതഗ്രന്ഥങ്ങൾക്ക് അനുസൃതമായി പ്രഖ്യാപിച്ചു. അതുപോലെ, ഈജിപ്ത്, പലസ്തീൻ, ഇറാഖ്, ഇറാൻ, സിറിയ, മധ്യേഷ്യൻ രാജ്യങ്ങൾ തുടങ്ങിയ മറ്റ് സ്ഥലങ്ങളിൽ, വനിതാ ചാവേർ ബോംബർമാരെ രാഷ്ട്രീയ നേതാക്കളെ കൂടാതെ, മതനേതാക്കളും പൂർണ്ണഹൃദയത്തോടെ അഭിനന്ദിച്ചു. മതപരമായ ഘടകങ്ങൾ ഒരു വനിതാ ചാവേറിനെ റിക്രൂട്ട് ചെയ്യാൻ തീവ്രവാദ സംഘടനകൾക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നുവെന്ന് വ്യക്തം.

കുടുംബാംഗങ്ങളുടെയോ അടുത്ത ബന്ധുക്കളുടെയോ മരണത്തിന് പ്രതികാരം ചെയ്യാൻ ചാവേറായ കഥയുമുണ്ട്. മിക്കവാറും എല്ലാ ചാവേർ ബോംബർമാരും അവരുടെ അടുത്തുള്ളവരുടെ മരണത്തെ അഭിമുഖീകരിച്ചവരോ അല്ലെങ്കിൽ, സുരക്ഷാ സേനയുടെ ഉപദ്രവം കണ്ട് സഹികെട്ടവരോ ആണ്. വ്യക്തിപരമായ നഷ്ടത്തിന്റെ പ്രതികാര ബോധം ആണ് പലരെയും ഇതിനു പ്രേരിപ്പിക്കുന്നത്. തീവ്രവാദ സംഘടനകൾ അവരുടെ ഉള്ളിലേക്ക് പക കുത്തിനിറച്ച്, അവരുടെ ലാഭത്തിനായി ഉപയോഗിക്കും.

പാക്കിസ്ഥാൻ ആർമിയുടെയും ഇന്റർ സർവീസസ് ഇന്റലിജൻസിന്റെയും (ഐഎസ്‌ഐ) കടുത്ത ശത്രുതയിൽ, തന്റെ ബലൂച് സഹോദരങ്ങളും സഹോദരിമാരും വളരെക്കാലം കഷ്ടപ്പെടുന്നത് ഇനി കണ്ടുനിൽക്കാനാകില്ലെന്ന് പറഞ്ഞായിരുന്നു ഷാരി കറാച്ചിയിൽ പൊട്ടിത്തെറിച്ചത്. സ്വയം മതേതര ദേശീയവാദികളായി കാണുന്നവരാണ് ചാവേറാകാൻ ഇറങ്ങിപ്പുറപ്പെടുന്നത്. ചാവേർ ബോംബിംഗ് വളരെക്കാലമായി വിപുലമായി ഉപയോഗിച്ച് പോരുന്ന പാകിസ്ഥാനിലെയും അഫ്‌ഗാനിലെയും മുസ്ലീം സായുധ ഗ്രൂപ്പുകളുമായി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിക്ക് ബന്ധമില്ല. ഷാരി പൊട്ടിത്തെറിച്ചതിന് പിന്നാലെ കറാച്ചിയിൽ ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Also Read:പാളയത്ത് പള്ളി കത്രീഡല്‍ ആക്കിയതില്‍ പ്രതിഷേധം: എല്‍എംഎസ് പള്ളിക്ക് മുന്നില്‍ വിശ്വാസികള്‍ റോഡ് ഉപരോധിക്കുന്നു

30 തിലേക്ക് കാലെടുത്ത് വെച്ച അധ്യാപികയായിയുരുന്നു ഷാരി. ബലൂചിസ്ഥാനിലെ തുര്‍ബത് മേഖലയില്‍ നിന്നുള്ള ഷാരി ബലൂചിന് ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടായിരുന്നു. സുവോളജിയില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രിയുള്ള ഷാരി ഒരു ഡോക്ടറെയാണ് വിവാഹം കഴിച്ചത്. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. എംഫില്‍ ചെയ്യുകയായിരുന്ന ഷാരി സയന്‍സ് അധ്യാപികയായി പരിശീലനം ചെയ്ത് വരികയായിരുന്നു. അവളുടെ അച്ഛൻ സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. കുടുംബത്തിലെ എല്ലാവർക്കും നല്ല വിദ്യാഭ്യാസമുണ്ട്. സായുധ സംഘങ്ങളുമായി ഇവർക്കാർക്കും യാതൊരു ബന്ധവുമില്ല. എന്നാൽ, അഫ്ഗാനിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) യിൽ ഷാരി ആരുമറിയാതെ അംഗമായി. രണ്ട് വർഷം മുമ്പ് ആണ് ഗ്രൂപ്പിൽ ചേർന്നത്. രണ്ട് വർഷക്കാലം സംഘടനയിൽ പ്രവർത്തിച്ച ശേഷമാണ് ഷാരി തന്റെ ദൗത്യത്തിലേക്ക് കടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button