തിരുവനന്തപുരം: എല്‍എംഎസ് പള്ളിക്ക് മുന്നില്‍ കനത്ത പ്രതിഷേധം. ബിഷപ്പിനെ അനുകൂലിച്ചും, എതിര്‍ത്തുമാണ് പള്ളിക്ക് മുന്നില്‍ പ്രതിഷേധം നടക്കുന്നത്. പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ പിരിച്ചുവിടാനുള്ള ശ്രമത്തിലാണ്. ബിഷപ്പിന്റെ ഫ്‌ളക്‌സുകള്‍ ഒരു വിഭാഗം കീറിയെറിഞ്ഞതാണ് മറുവിഭാഗത്തിന്റെ പ്രകോപനത്തിന് കാരണം.
ആറ് മഹാഇടവകകളാണ് സിഎസ്‌ഐ സഭയ്ക്കുള്ളത്. അതില്‍ ദക്ഷിണമേഖലാ മഹാ ഇടവകയ്ക്ക് മാത്രമാണ് കത്രീഡല്‍ ഇല്ലാത്തത്. ആ കുറവ് നികത്താനാണ് പള്ളിയെ കത്രീഡലാക്കിയതെന്നാണ് ബിഷപ്പിന്റെ വാദം. ഇതിനെതിരെയാണ് ഒരു കൂട്ടര്‍ പ്രതിഷേധിക്കുന്നത്. പള്ളിയുടെ ഗേറ്റ് പൊലീസ് അടച്ചു. എല്‍എംഎസ് പള്ളി കത്രീഡല്‍ ആക്കിക്കൊണ്ടുള്ള പ്രഖ്യാപനത്തിന് ശേഷം നടക്കുന്ന ശുശ്രൂഷാ ചടങ്ങുകള്‍ കഴിഞ്ഞപ്പോഴാണ് സംഘര്‍ഷങ്ങളുണ്ടായത്.
115 വര്‍ഷങ്ങളായി വ്യക്തികളുടെ ട്രസ്റ്റിന്റെ നിയന്ത്രണത്തിന് കീഴിലായിരുന്നു എല്‍എംഎസ് പള്ളി. ഇതവസാനിപ്പിച്ചുകൊണ്ട്, ബിഷപ്പ് ധര്‍മരാജ് റസാലം പള്ളിയെ കത്രീഡലാക്കി ഉയര്‍ത്തുകയായിരുന്നു. ബിഷപ്പ് ധര്‍മരാജ് റസാലത്തിന്റെ നേതൃത്വത്തിലുള്ള സംഘം പള്ളിയില്‍ അതിക്രമിച്ച കയറിയെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. പള്ളി ഭരണസമിതി പിരിച്ചുവിട്ടെന്നും ഭരണ നിര്‍വ്വഹണത്തിന് അഡ്‌ഹോക് കമ്മിറ്റിയെ നിയമിച്ചുവെന്നും ബിഷപ്പ് അറിയിച്ചു.
Post Your Comments