ഗുവാഹത്തി: അസമിലെ ആരോഗ്യമേഖലയിൽ പുതിയ സംരംഭങ്ങൾ അവതരിപ്പിച്ച് കേന്ദ്രസർക്കാരും രത്തൻ ടാറ്റയും. അസമിൽ ഏഴു പുതിയ കാൻസർ സെന്ററിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും രത്തൻ ടാറ്റയും നിർവഹിച്ചു. 7 കാൻസർ സെന്ററുകളുടെ തറക്കല്ലിടൽ ചടങ്ങും ഇതോടൊപ്പം നടത്തിയിട്ടുണ്ട്.
കേന്ദ്രസർക്കാരിന്റെ പിന്തുണയോടെ നടത്തുന്ന അസം സർക്കാരിന്റെയും ടാറ്റ ട്രസ്റ്റിന്റെയും സംയുക്ത സംരംഭമാണ് അസം കാൻസർ കെയർ ഫൗണ്ടേഷൻ. ഈ ഫൗണ്ടേഷനു കീഴിൽ, സംസ്ഥാനത്തുടനീളം 17 കാൻസർ കെയർ ഹോസ്പിറ്റലുകൾ ആരംഭിച്ചു കൊണ്ട് ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കാൻസർ കെയർ ശൃംഖല നിർമ്മിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ദിബ്രുഗഡ്, കൊക്രജാർ, ബാർപേട്ട, ദരാംഗ്, തേസ്പൂർ, ലഖിംപൂർ, ജോർഹട്ട് എന്നിവിടങ്ങളിൽ ആശുപത്രികളും ആരംഭിച്ചിട്ടുണ്ട്.
ആശുപത്രികൾക്ക് ജനങ്ങൾക്ക് വേണ്ടിയാണെങ്കിലും, ഇന്ന് ഉദ്ഘാടനം ചെയ്തവ ഒഴിഞ്ഞു കിടക്കണമെന്നാണ് താൻ പ്രാർത്ഥിക്കുന്നതെന്ന് മോദി പറഞ്ഞു. എല്ലാവരുടെയും ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും യോഗ, ഫിറ്റ്‌നസ്, സ്വച്ഛത എന്നിവയിലൂടെ ജനങ്ങൾ എന്നും ആരോഗ്യവാന്മാരായിരിക്കണം എന്നതാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം ഉദ്ഘാടന വേളയിൽ വ്യക്തമാക്കി.
തന്റെ അവസാന വർഷങ്ങൾ ആരോഗ്യ മേഖലയ്‌ക്കായി സമർപ്പിക്കുന്നുവെന്ന് രത്തൻ ടാറ്റ പറഞ്ഞു. എല്ലാവരും അംഗീകരിക്കുന്ന സംസ്ഥാനമായി അസമിനെ മാറ്റിയെടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം ഈ അവസരത്തിൽ വ്യക്തമാക്കി. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കാൻസർ കെയർ ശൃംഖല നിർമ്മിക്കാൻ കേന്ദ്രസർക്കാരും ടാറ്റ ട്രസ്റ്റും നൽകുന്ന പിന്തുണയ്‌ക്ക് മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമ്മ നന്ദി രേഖപ്പെടുത്തി.
Post Your Comments