കൊച്ചി: ബലാത്സംഗ കേസിൽ പരാതിക്കാരിയെ അവഹേളിച്ച് നടൻ വിജയ് ബാബു. തനിക്കെതിരെയുള്ള ആരോപണം പരാതിക്കാരിയ്ക്ക് സിനിമയിൽ അവസരം ലഭിക്കാത്തതിന്റെ വൈരാഗ്യമാണെന്ന് വിജയ് ബാബു ജാമ്യാപേക്ഷയിൽ പറയുന്നു. തന്നോടൊപ്പം ഒരു പരസ്യ ചിത്രത്തിന്റെ ഭാഗമായ പരാതിക്കാരി പിന്നീട്, സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിനായി അത് ഉപയോഗിക്കാൻ ശ്രമിച്ചു എന്നാണ് ഇയാളുടെ വാദം. തുടർന്ന്, പുതിയ സിനിമയിൽ അവസരം ലഭിക്കില്ല എന്ന് ഉറപ്പായ പരാതിക്കാരി തനിക്ക് നേരെ അസഭ്യമായ സന്ദേശങ്ങൾ അയക്കാൻ തുടങ്ങിയെന്നുംണ് വിജയ് ബാബു ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു.
ജാമ്യാപേക്ഷയുടെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ,
കേരള പോലീസിനായി താൻ ചെയ്ത പരസ്യ ചിത്രത്തിൽ പരാതിക്കാരിയും അഭിനയിച്ചിരുന്നു. ഹർജിക്കാരനുമായുള്ള പരിചയം ഉപയോഗിച്ച് താൻ നിർമ്മിക്കുന്ന സിനിമകളിൽ കൂടുതൽ അവസരങ്ങൾ നേടിയെടുക്കാൻ ഇവർ ശ്രമിച്ചിരുന്നു. സിനിമയിലെ കഥാപാത്രങ്ങൾക്ക് അനുയോജ്യരായ അഭിനേതാക്കളെ ഓഡിഷനിലൂടെ തെരഞ്ഞെടുക്കുന്നത് സംവിധായകനാണ് എന്നും, അതിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും താൻ അറിയിച്ചു. സിനിമയുടെ ചിത്രീകരണ സമയത്ത് പരാതിക്കാരി തന്റെ പേര് ശുപാർശ ചെയ്യാൻ അഭ്യർത്ഥിച്ചു.
എന്നാൽ, താൻ പൂർണ്ണമായും അത് നിരസിക്കുകയും ഓഡിഷനിൽ പങ്കെടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. സിനിമയിലെ ഒരു വേഷത്തിലേക്ക് ഇവർ തെരഞ്ഞെടുക്കപ്പെടുകയും, ശേഷം ഇവർ ബന്ധം വെച്ച് പുലർത്താൻ ശ്രമിക്കുകയും ചെയ്തു. സിനിമാ മേഖലയിലെ ഒരു പുതുമുഖം മറ്റേതൊരു അഭിനേതാവും എടുക്കുന്നതിനേക്കാൾ സ്വാതന്ത്ര്യം എടുക്കുന്നു എന്ന് തോന്നിയപ്പോൾ താൻ പരാതിക്കാരിയെ അകറ്റി നിർത്താൻ ശ്രമിച്ചു. ഇതോടെ, സിനിമയുടെ ചിത്രീകരണ സൈറ്റിൽ ഇവർ കുറച്ച് പ്രശ്നങ്ങളുമുണ്ടാക്കി. തന്നെ പരാതിക്കാരി അസമയങ്ങളിൽ വിളിക്കുകയും നിരന്തരം ആയിരത്തോളം മെസ്സേജുകൾ അയക്കുകയും ചെയ്തിരുന്നു.
തന്റെ കുടുംബത്തെക്കുറിച്ചും ഇവർക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. താൻ പുതിയ ഒരു സിനിമ നിർമ്മിക്കാൻ ഒരുങ്ങുന്നതായും അതിന്റെ സംവിധായകൻ മറ്റൊരു നടിയെ അതിലേക്ക് തെരഞ്ഞെടുത്തതായും പരാതിക്കാരി അറിഞ്ഞു. തനിക്ക് അസമയങ്ങളിൽ അസഭ്യം നിറഞ്ഞ മെസ്സേജുകൾ അയക്കുമായിരുന്നു. എന്നാൽ അത് വൈറലാവുകയും പരാതിക്കാരിയുടെ ഭാവിയെ തന്നെ ബാധിക്കുകയും ചെയ്യും എന്നത് കൊണ്ട് താൻ യാതൊരു പരാതിയും നൽകിയില്ല എന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
പരാതിക്കാരിയുടെ മൊബൈലിൽ നിന്നും അയച്ച വാട്ട്സാപ്പ്, ഇൻസ്റ്റാഗ്രാം മെസ്സേജുകളും ചിത്രങ്ങളും ദൃശ്യങ്ങളും താൻ സൂക്ഷിച്ചു വെച്ചിരുന്നു. ഏത് അന്വേഷണ ഏജൻസിയ്ക്ക് മുന്നിലും തനിക്ക് നേരെയുള്ള ആരോപണങ്ങൾ തെറ്റാണ് എന്ന് തെളിയിക്കുന്നതിനായാണ് താൻ തെളിവുകൾ സൂക്ഷിച്ചത് എന്നും വിജയ് ബാബു ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്.
അതേസമയം, വിജയ് ബാബുവിനെതിരെ സോഷ്യൽ മീഡിയയിലും പ്രതിഷേധം ശക്തമാണ്. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതോടെ ഇരയുടെ ആത്മവിശ്വാസം തകർക്കുകയാണ് നടൻ ചെയ്തതെന്നാണ് മുഖ്യ ആരോപണം. നിലവിൽ, ഒളിവിലുള്ള ഇയാൾക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാളുടെ ജാമ്യാപേക്ഷ അവധിക്കു ശേഷം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
Post Your Comments