കാഞ്ഞങ്ങാട്: പരത്തിപ്പുഴ ടൂറിസം കേന്ദ്രമാക്കണമെന്ന ആവശ്യം ശക്തം. അപൂര്‍വ്വയിനം പക്ഷികളുടെ വിഹാരകേന്ദ്രമാണ് ഈ പരിസരം.
മടിക്കൈ പഞ്ചായത്ത് പതിനാലാം വാർഡിലുള്ള പ്രദേശത്തെ ടൂറിസം സാധ്യതകളെ കുറിച്ച്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തും ഗൗരവപൂർവം ആലോചന നടത്തിയിരുന്നു. അരയിപ്പുഴയിൽ നിന്ന് 750 മീറ്ററോളം അകത്തേക്കുള്ള ആലൈയിൽ ജലാശയത്തിൽ പെഡൽ ബോട്ടും കയാക്കിങ്ങും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയാൽ സഞ്ചാരികളുടെ പ്രധാന കേന്ദ്രമായി ഇത് മാറുമെന്നാണ് പറയുന്നത്.
സമീപത്തെ സ്ഥലങ്ങളും ലീസിനെടുത്ത് പഴയങ്ങാടി വയലപ്ര പാർക്ക് മോഡലിൽ 18 കോടി ചെലവിൽ വലിയൊരു ടൂറിസ്റ്റ് കേന്ദ്രമാക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
പുഴയുടെ മധ്യത്തിലൂടെ നടന്നുവരാനുള്ള സൗകര്യവും വേണം. സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടും ലോക ബാങ്ക് സഹായവും പ്രവാസി നിക്ഷേപവും തേടിയാൽ പദ്ധതി വളരെ വലിയ തോതില്‍ തന്നെ യാഥാർത്ഥ്യമാക്കാം. ഇതോടനുബന്ധിച്ച് ആലൈ മുതൽ റോഡ് മെക്കാഡം ചെയ്യണം. ജില്ല ആശുപത്രിക്ക് മുന്നിൽ നിന്നുള്ള റോഡും നവീകരിക്കാം. ഇതോടൊപ്പം, ഫാം ടൂറിസത്തിനും വഴിതെളിയും. ബ്ലോക്ക് പഞ്ചായത്ത് ഡി.പി.ആർ തയാറാക്കാൻ നേരത്തെ സി.എ.കെ ഗ്രൂപ്പിനെ ഏൽപിച്ചിരുന്നു.
ബംഗളൂരുവിലെ പ്ലാനക്സ് ബിൽഡെക്സ് ആൻഡ് ഡെവലപേഴ്സുമായി സഹകരിച്ച് തയാറാക്കിയ റിപ്പോർട്ട് പദ്ധതിയുടെ സാധ്യതകൾ വ്യക്തമാക്കുന്നുണ്ട്. സി. പ്രഭാകരൻ മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായിരുന്ന കാലത്താണ് ഈ സ്വപ്നത്തിന് ചിറക് മുളച്ചത്.
Post Your Comments