മനസും ശരീരവും നിയന്ത്രിച്ച്, അന്നപാനീയങ്ങൾ വെടിഞ്ഞ്, ഒരു മാസക്കാലം നീണ്ടുനിന്ന റംസാൻ വ്രതത്തിന് അവസാനമാകുന്നു. ശവ്വാൽ മാസപ്പിറവി കാണുന്നതോടെ ലോകമെങ്ങുമുള്ള മുസ്ലീം മതവിശ്വാസികൾ ഈദുൽ ഫിത്തർ ആഘോഷങ്ങളിലേക്ക് കടക്കും. മാസപ്പിറവി ദൃശ്യമായാൽ പള്ളികളിലും വീടുകളിലും തക്ബീർ ധ്വനികളുയരും. പുത്തനുടുപ്പം ഈദ് നമസ്ക്കാരവും സുഭിക്ഷമായ ഭക്ഷണവും കുടുംബസന്ദർശനവുമായി അവർ ഈദുൽ ഫിത്തർ ആഘോഷിക്കും.
സ്നേഹവും സഹിഷ്ണുതയും സൗഹാർദ്ദവും പങ്കുവയ്ക്കപ്പെടുന്ന, ലോകത്തിന് വേണ്ടിയുള്ള ആഹ്വാനമാണ് ഈദ് ആഘോഷങ്ങൾ. രണ്ട് ആഘോഷങ്ങളാണ് ഇസ്ലാം മതവിശ്വാസിക്കൾക്കുള്ളത്. ഈദുൽ ഫിത്തർ എന്ന ചെറിയ പെരുന്നാളും ഈദുൽ അസ്ഹയെന്ന ബലിപെരുന്നാളും. പെരുന്നാൾ ആഘോഷിക്കേണ്ട ദിവസമാണെങ്കിലും ഇസ്ലാമിലെ ആഘോഷങ്ങൾ എങ്ങനെ വേണമെന്നും പ്രത്യേകം നിഷ്കർഷിക്കുന്നുണ്ട്. ഒരു മാസം നീണ്ടുനിന്ന റംസാൻ വ്രതത്തിന് അവസാനം കുറിച്ചെത്തുന്ന ഈദുൽ ഫിത്തർ എല്ലാം മറന്ന് ആഘോഷിക്കാനുള്ള ദിവസമല്ല. മുപ്പത് ദിവസം പിന്തുടർന്ന ആത്മീയപാതയും അച്ചടക്കവും കൈവിടാതെയാകണം പെരുന്നാൾ ദിനത്തിലെ ആഘോഷങ്ങളും.
പെരുന്നാൾ ദിവസത്തിലെ പ്രത്യേക നമസ്ക്കാരം തന്നെയാണ് ഏറ്റവും വലിയ ആഘോഷം. പള്ളികളിലോ ഈദ് ഗാഹുകളിലോ സംഘടിപ്പിക്കുന്ന പെരുന്നാൾ നമസ്ക്കാരത്തിൽ പരസ്പര സാഹോദര്യവും സ്നേഹവും വിളിച്ചോതി എല്ലാവരും പങ്കെടുക്കുന്നു. ഇതിനുശേഷം ബന്ധുമിത്രാദികളുമായും സുഹൃത്തുക്കളുമായും ബന്ധം പുതുക്കി പരസ്പരം അശ്ലേഷിച്ച് ഈദ് ആശംസകൾ കൈമാറുന്നു. പെരുന്നാൾ ദിനത്തിൽ കുടുംബ സന്ദർശനവും രോഗീ സന്ദർശനവും ഏറ്റവും പുണ്യമായ പ്രവൃത്തിയാണ്.
കഷ്ടതകൾ അനുഭവിക്കുന്നവരെ നേരിൽകണ്ട് അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിന് പ്രത്യേക പ്രതിഫലം ലഭിക്കും. പെരുന്നാൾ ദിനത്തിൽ ഒരാൾ പോലും പട്ടിണി കിടക്കരുതെന്ന സന്ദേശം നൽകുന്നതിനാണ് ഫിത്തർ സക്കാത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ മുസ്ലീം മതവിശ്വാസിയും അവന്റെ സമ്പത്തനുസരിച്ച് ഫിത്തർ സക്കാത്ത് നൽകണം. ഫിത്തർ സക്കാത്ത് നൽകിയതിന് ശേഷമേ ഈദ് നമസ്ക്കാരത്തിനായി പോകാവൂ എന്നും നിഷ്കർഷിക്കുന്നുണ്ട്.
Post Your Comments