പാലക്കാട്: മേലാമുറിയിലെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസിലെ തെളിവെടുപ്പിനിടെ, പ്രതികള്‍ക്ക് നേരെ യുവമോര്‍ച്ചാ പ്രതിഷേധം. ശ്രീനിവാസന്റെ കടയില്‍ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് പ്രതിഷേധമുണ്ടായത്. തുടര്‍ന്ന്, വേഗത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പോലീസ് പ്രതികളെയും കൂട്ടി മടങ്ങി. കൊലയ്ക്ക് ഉപയോഗിച്ചതായി കരുതുന്ന കൊടുവാൾ കണ്ടെടുത്തു. കല്ലേക്കാട് മാമ്പ്ര ക്വാറിക്ക് സമീപം മുളങ്കാടുകൾക്കിടയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഒളിപ്പിച്ചിരിക്കുകയായിരുന്നു.
കൊലയ്ക്ക് ശേഷം അബ്ദുൾ റഹ്മാനും ഫിറോസും ഉപേക്ഷിച്ച വസ്ത്രങ്ങളും കണ്ടെടുത്തു. ആർഎസ്എസ്, യുവമോർച്ചാ പ്രതിഷേധം ശക്തിപ്പെടുമെന്ന് തിരിച്ചറിഞ്ഞതോടെ മൂന്ന് മിനിറ്റില്‍ പൊലീസ് തെളിവെടുപ്പ് അവസാനിപ്പിച്ചു. പ്രതികള്‍ ആയുധമൊളിപ്പിച്ച കല്ലേക്കോട് അഞ്ചാം മൈലിലേക്കാണ് പ്രതികളെ തെളിവെടുപ്പിനായി ഇന്ന് ആദ്യം എത്തിച്ചത്. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്താന്‍ കടക്കകത്ത് കയറിയ മൂന്നംഗ സംഘത്തിലുണ്ടായിരുന്നയാളാണ് അബ്ദുറഹ്മാന്‍. ബൈക്കുകളില്‍ പുറത്ത് കാത്തിരുന്നവരുടെ സംഘത്തിലാണ് ഫിറോസ് ഉണ്ടായിരുന്നത്.
കേസില്‍ ഇതുവരെ 13 പേരുടെ അറസ്റ്റാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. മുഖ്യ സൂത്രധാരന്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇയാളെക്കുറിച്ച് കൃത്യമായ സൂചനകള്‍ ലഭിച്ചതായാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ശ്രീനിവാസന്‍ കൊല്ലപ്പെട്ട മേലാമുറിയിലേക്ക് പ്രതികളെ എത്തിക്കുന്നതായി അറിഞ്ഞ് പരിസരത്ത് നിരവധി യുവമോർച്ചാ പ്രവർത്തകർ നിലയുറപ്പിച്ചിരുന്നു. പ്രതികളുമായി ജീപ്പെത്തിയതോടെ കോപാകുലരായി ആക്രോശിച്ച് ഇവര്‍ അടുത്തേക്ക് നീങ്ങി. പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതിനാൽ സംഘർഷം ഒഴിവായി.
ആര്‍എസ്എസിന്റെ ശക്തികേന്ദ്രമായ മേലാമുറിയില്‍ പ്രതിഷേധത്തിന് സാധ്യതയെന്ന് മനസിലാക്കി നേരത്തെ തന്നെ, പോലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. വാഹനമെത്തിയതോടെ കൂടുതല്‍ പ്രവര്‍ത്തകര്‍ ഇവിടേയ്ക്ക് എത്തുകയും മുദ്രാവാക്യം വിളിച്ച് റോഡില്‍ നിലയുറപ്പിക്കുകയും ചെയ്‌തു. ഒടുവിൽ, പെട്ടെന്ന് തെളിവെടുപ്പ് പൂർത്തിയാക്കി പ്രതികളെയും കൊണ്ട് പോലീസ് പോകുകയായിരുന്നു.
Post Your Comments