കണ്ണൂർ: പുന്നോലില്‍ ഹരിദാസ് വധക്കേസ് പ്രതിയെ ഒളിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ രേഷ്മ ജയില്‍ മോചിതയായപ്പോള്‍ സ്വീകരിക്കാനെത്തിയത് സുഹൃത്തായ സുധീഷ് ആയിരുന്നു. രേഷ്മയുമായി പ്ലസ് ടുവിന് ഒന്നിച്ചു പഠിച്ചതാണെന്നും കൂട്ടികൊണ്ട് പോയത് വ്യക്തി ബന്ധം കൊണ്ടെന്നും വാഹനയുടമ സുധീഷ് ഉണ്ണി പറഞ്ഞു. രേഷ്മയെ കൂട്ടിക്കൊണ്ട് പോയ വാഹനവുമായി ബന്ധപ്പെട്ട ചർച്ചകൾ കൊഴുക്കുന്നതിനിടെയാണ് തന്റെ ഭാഗം വ്യക്തമാക്കി സുധീഷ് രംഗത്ത് വന്നത്.
രേഷ്മ ജയില്‍ മോചിതയായ അന്ന് ഒരു കിയ വാഹനത്തിലാണ് അവരെ കൂട്ടികൊണ്ടു പോയത്. സുധീഷ് ഉണ്ണിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ വാഹനം. തനിക്ക് രേഷ്മയെ അറിയാമെന്നും, അവരോടുള്ള വ്യക്തി ബന്ധത്തിന്റെ പുറത്താണ് അവരെ സ്വീകരിക്കാനെത്തിയതെന്നും സുധീഷ് പറയുന്നു. സുധീഷ് ബി.ജെ.പിക്കാരനാണെന്ന ആരോപണം സി.പി.എം ഉന്നയിച്ചിരുന്നു. ഇതിനും കൃത്യമായ മറുപടി സുധീഷ് നൽകുന്നുണ്ട്. എല്ലാ പാര്‍ട്ടികളുമായി ബന്ധം സൂക്ഷിക്കുന്ന ആളാണ് താനെന്നും സി.പി.ഐ.എമ്മുമായി അടുത്ത ബന്ധമാണുള്ളതെന്നും സുധീഷ് പറഞ്ഞു. 24 ചാനലിനോടായിരുന്നു സുധീഷിന്റെ പ്രതികരണം.
‘ഞാൻ ഒരു നിര്‍മാണ കമ്പിനിയുടെ എം.ഡിയാണ്. രേഷ്മയുടെ ഭര്‍ത്താവാണ് ഫോണില്‍ വിളിച്ച് ന്യൂ മാഹി സ്റ്റേഷനിലുള്ള രേഷ്മയെ ജാമ്യത്തിലെടുക്കണമെന്ന് പറഞ്ഞത്. പെറ്റിക്കേസാണ് എന്നാണ് പറഞ്ഞത്. രണ്ട് ജാമ്യക്കാര്‍ വേണമെന്നും പറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ഞാനും ഭാര്യയും പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ആറു മണിക്കാണ് പൊലീസ് സ്റ്റേഷനിലെത്തുന്നത്. അപ്പോള്‍ സ്റ്റേഷന് ജാമ്യത്തില്‍ വിടാം എന്നാണ് എസ്.ഐ പറഞ്ഞത്. എന്നാല്‍, എട്ടു മണിയായതോടെ കാര്യങ്ങള്‍ ആകെ മാറി മറിഞ്ഞു. എന്റെ കമ്പിനിയുടെ എല്ലാ പേപ്പര്‍വര്‍ക്കും ചെയ്ത് തന്നത് രേഷ്മയും ഭര്‍ത്താവുമാണ്. എന്റെ മകന്റെ ടീച്ചര്‍ കൂടിയാണ് രേഷ്മ. അതിനാലാണ് അവര്‍ പുറത്തിറങ്ങുന്ന ദിവസം അവരെ വിളിക്കാനായി പോയത്’, സുധീഷ് പറയുന്നു.
Post Your Comments