തിരുവനന്തപുരം: ജർമനിയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നോർക്ക റൂട്ട്‌സിന്റെ നടപടികൾ അന്തിമ ഘട്ടത്തിലേക്ക്. ജർമൻ സർക്കാർ ഏജൻസിയായ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുമായി ഒപ്പു വച്ച ട്രിപ്പിൾ വിൻ കരാർ പ്രകാരമുള്ള റിക്രൂട്ട്മെന്റിനുള്ള ഇന്റർവ്യൂ മേയ് നാലിന് തുടങ്ങും. റിക്രൂട്ട്‌മെന്റ് യഥാർഥ്യമാകുന്നതോടെ ജർമനിയിലേക്ക് സർക്കാറുകൾ തമ്മിലുള്ള കരാർ പ്രകാരം റിക്രൂട്ട്‌മെന്റ് സാധ്യമാക്കുന്ന ആദ്യ സംസ്ഥാനമെന്ന ഖ്യാതി കേരളത്തിന് സ്വന്തമാകും.
പതിമൂവായിരത്തിൽപ്പരം അപേക്ഷകരിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്ത നാനൂറോളം പേരുടെ ഇന്റർവ്യൂ മേയ് നാല് മുതൽ 13 വരെ തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിലാണ് നടക്കുന്നത്. ജർമനിയിൽ നിന്നും എത്തുന്ന പ്ലെയ്‌സ്‌മെന്റ് ഓഫീസർമാരുടെ സംഘമാണ് ഇന്റർവ്യൂ നടത്തുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ഇരുന്നൂറിലധികം നഴ്സുമാർക്ക് ജർമൻ സർക്കാർ ഏജൻസിയായ ജർമൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ ഓപ്പറേഷൻ സൗജന്യമായി ജർമൻ ഭാഷാ പരിശീലനം നൽകും.
ബി 1 ലെവൽ പ്രാവീണ്യം നേടുന്ന മുറക്ക് ഇവർക്ക് ജർമനിയിലേക്ക് വിസ അനുവദിക്കും. തുടർന്ന് ജർമനിയിൽ അസിസ്റ്റന്റ് നഴ്‌സ് ആയി ജോലി ചെയ്തുകൊണ്ട് തന്നെ ബി 2 ലവൽ ഭാഷാ പ്രാവീണ്യം നേടി രജിസ്റ്റേർഡ് നഴ്‌സ് ആയി മാറാം. ഇതിനുള്ള പഠന-പരിശീലനങ്ങളും സൗജന്യമായി ലഭിക്കും.
Read Also: കേന്ദ്ര സര്‍വ്വകലാശാലയിലെ ഫുഡ് ഫെസ്റ്റില്‍ മാംസ വിഭവങ്ങള്‍ വിലക്കി: പ്രതിഷേധവുമായി എസ്എഫ്ഐ
Post Your Comments