ന്യൂഡല്‍ഹി: പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്ത കെ.വി തോമസിനെ രണ്ടു വര്‍ഷത്തേക്കു കോണ്‍ഗ്രസില്‍ നിന്നു സസ്പെന്‍ഡ് ചെയ്യുമെന്ന് സൂചന. പാര്‍ട്ടി അച്ചടക്ക സമിതിയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുക്കുക. സസ്‌പെന്‍ഷന്‍ സംബന്ധിച്ച ശുപാര്‍ശ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കു കൈമാറുമെന്ന് സമിതി യോഗത്തിനു ശേഷം താരിഖ് അന്‍വര്‍ പറഞ്ഞു.
എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതി നേരത്തെ കെവി തോമസിനു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനു തോമസ് നല്‍കിയ മറുപടി ഇന്നത്തെ യോഗം ചര്‍ച്ച ചെയ്തു. മറുപടി തൃപ്തികരമല്ലെന്ന വിലയിരുത്തലിലാണ് സമിതി എത്തിച്ചേര്‍ന്നതെന്നാണ് സൂചനകള്‍.
അച്ചടക്കം ലംഘിച്ച കെ.വി തോമസിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു. കൊച്ചിയില്‍ തോമസ് നടത്തിയ വാര്‍ത്താസമ്മേളനവും സെമിനാറില്‍ പങ്കെടുത്തതും അച്ചടക്ക ലംഘനവും പ്രവര്‍ത്തകരുടെ വികാരത്തെ ഹനിക്കുന്നതുമായ നടപടിയാണെന്ന് എഐസിസിക്ക് അയച്ച കത്തില്‍ കെപിസിസി അധ്യക്ഷന്‍ കുറ്റപ്പെടുത്തി.
കെ.വി തോമസിന് എതിരായ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്നായിരുന്നു എഐസിസിയുടെ നിലപാട്. എന്നാല്‍, കെ.വി തോമസ് എഐസിസി അംഗമായതിനാല്‍ നടപടി ഹൈക്കമാന്‍ഡ് സ്വീകരിക്കണമെന്ന് കെപിസിസി നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.
Post Your Comments