തൃക്കാക്കര: കൊച്ചിയില്‍ ഇറച്ചിവെട്ട് യന്ത്രത്തില്‍ നിന്ന് സ്വർണ്ണം പിടിച്ച കേസിൽ തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന. വൈസ് ചെയര്‍മാന്‍ കെ.കെ.ഇബ്രാഹിംകുട്ടിയുടെ മകന് സ്വര്‍ണ്ണക്കടത്തില്‍ ബന്ധമുണ്ടെന്നും കസ്റ്റംസ് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി, ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടിയത്.
ദുബായില്‍ നിന്ന് കാര്‍ഗോ വിമാനത്തിലാണ് രണ്ടേകാൽ കിലോ സ്വർണ്ണം എത്തിയത്. കൃത്യമായ വിവരം ലഭിച്ചതിനെ തുടർന്ന്, കസ്റ്റംസ് ഇന്റലിജന്റ്സ് യന്ത്രം തകർത്ത് സ്വർണ്ണം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ, പാഴ്‌സൽ ഏറ്റെടുക്കാനെത്തിയ തൃക്കാക്കര സ്വദേശിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു.
തുരുത്തുമ്മേൽ എൻറർ പ്രൈസസ് എറണാകുളത്തിന് വേണ്ടിയായിരുന്നു ഇറച്ചിവെട്ട് യന്ത്രം ഇറക്കുമതി ചെയ്തിരുന്നത്. ഈ യന്ത്രം കേരളത്തിൽ സുലഭമായി ലഭിക്കുന്നതാണ്. എന്നാൽ, ഗൾഫിൽ നിന്നും സ്വർണ്ണം കടത്താൻ വേണ്ടി മാത്രമാണ് ഇതിറക്കുമതി ചെയ്തതെന്ന് കസ്റ്റംസ് പറയുന്നു. കട്ടർ ഉപയോഗിച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഒളിപ്പിച്ചുവെച്ച സ്വർണ്ണം പുറത്തെടുത്തത്.
Post Your Comments