Latest NewsNewsInternational

സൈനിക ചെലവ് കൂടുതല്‍ വഹിക്കുന്ന അഞ്ച് രാജ്യങ്ങളില്‍ യു.എസ്, ചൈന എന്നിവക്ക് പിന്നാലെ ഇന്ത്യ മൂന്നാം സ്ഥാനത്ത്

സ്റ്റോക്ഹോം: ലോക സൈനിക ചെലവ് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 2.1 ട്രില്യണ്‍ ഡോളറിലെത്തിയതായി സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. സൈനിക ചെലവ് കൂടുതല്‍ വഹിക്കുന്ന അഞ്ച് രാജ്യങ്ങളില്‍ യു.എസ്, ചൈന എന്നിവക്ക് പിന്നാലെ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. യു.കെ, റഷ്യ എന്നിവയാണ് ഇന്ത്യക്ക് പിന്നിലുള്ള മറ്റ് പ്രധാന രാജ്യങ്ങള്‍. ആകെ സൈനിക ചെലവിന്റെ 62 ശതമാനവും ഈ രാജ്യങ്ങളാണ് വഹിക്കുന്നത്. ആഗോള സൈനിക ചെലവ് 2021 ല്‍ 0.7 ശതമാനം വര്‍ദ്ധിച്ച് 2113 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.

Read Also : മൂന്ന് ദിവസത്തേയ്ക്ക് മൂന്നര മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തി വൈദ്യുതി ബോര്‍ഡ്

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഉണ്ടായ, സാമ്പത്തിക തകര്‍ച്ചക്കിടയിലും ലോക സൈനിക ചെലവ് റെക്കോര്‍ഡ് ഉയരത്തിലെത്തിയെന്ന് എസ്.ഐ.പി.ആര്‍.ഐയുടെ സൈനിക ചെലവിന്റെയും ആയുധ നിര്‍മാണത്തിന്റെയും മുതിര്‍ന്ന ഗവേഷകന്‍ ഡോ. ഡീഗോ ലോപ്‌സ് ഡ സില്‍വ പറയുന്നു.

2020 ല്‍ 1.4 ശതമാനം ഇടിഞ്ഞെങ്കിലും യു.എസ് സൈനിക ചെലവ് 2021ല്‍ 801 ബില്യണ്‍ ഡോളറിലെത്തി. 2012 മുതല്‍ 2021 വരെയുള്ള കാലയളവില്‍ യു.എസ് സൈനിക ഗവേഷണത്തിനും വികസനത്തിനുമുള്ള ധനസഹായം 24 ശതമാനം വര്‍ദ്ധിപ്പിക്കുകയും ആയുധങ്ങള്‍ വാങ്ങുന്നതിനുള്ള ചെലവ് 6.4 ശതമാനം കുറക്കുകയും ചെയ്തതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

293 ബില്യണ്‍ ഡോളറാണ് ചൈന സൈന്യത്തിനായി ചെലവഴിച്ചത്. 2020നെ അപേക്ഷിച്ച് 4.7 ശതമാനത്തിന്റെ വര്‍ദ്ധനവാണിത്. 76.6 ബില്യണ്‍ ഡോളറാണ് ഇന്ത്യയുടെ സൈനിക ചെലവ്. 2020നെ അപേക്ഷിച്ച് 0.6ശതമാനത്തിന്റെ വര്‍ദ്ധനവാണിത്.

യു.കെ കഴിഞ്ഞ വര്‍ഷം പ്രതിരോധത്തിനായി 68.4 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചിരുന്നു. 2020ല്‍ നിന്ന് മൂന്ന് ശതമാനം വര്‍ദ്ധനവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രതിരോധ ചെലവില്‍ റഷ്യ അഞ്ചാം സ്ഥാനത്താണുള്ളത്. യുക്രെയ്ന്‍ അതിര്‍ത്തികളില്‍ റഷ്യ സൈന്യത്തെ വിന്യസിക്കുന്നതിനിടെ 2021ല്‍ റഷ്യയുടെ സൈനിക ചെലവ് 65.9 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button