ന്യൂഡല്‍ഹി: ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ക്ക് ഏപ്രില്‍ 26 മുതല്‍ തുടക്കമാകും. ഉച്ചയ്ക്ക് 2 മുതല്‍ 3.30 വരെയാണ് പരീക്ഷ നടക്കുക. പരീക്ഷകളെ സംബന്ധിച്ച എല്ലാ വിശദാംശങ്ങളും പരിശോധിക്കാന്‍ വിദ്യാര്‍ത്ഥികളോട് ഐസിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രധാന പോയിന്റുകള്‍ എഴുതുന്നതിന് ടൈംടേബിളില്‍ സൂചിപ്പിച്ചിരിക്കുന്ന സമയത്തിന് പുറമേ, കൂടുതല്‍ സമയം അനുവദിച്ചേക്കും. ചോദ്യപേപ്പര്‍ വായിക്കാന്‍ 10 മിനിറ്റ് സമയവും കൂടുതലായി നല്‍കുമെന്നും പരീക്ഷാ ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 26ന് ആരംഭിക്കുന്ന പരീക്ഷ ജൂണ്‍ 13നാണ് അവസാനിക്കുക.
അതേസമയം പരീക്ഷയ്ക്ക് പോകുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം
പഠിച്ചതുകൊണ്ടു മാത്രം ഞാന്‍ പരീക്ഷയ്ക്ക് തയ്യാറെടുത്തുവെന്നു കരുതരുത്. പരീക്ഷ എഴുതാനും ചില തയ്യാറെടുപ്പുകള്‍ വേണം. പാഠഭാഗങ്ങള്‍ പഠിച്ചു കഴിഞ്ഞാല്‍ പിന്നെ വേണ്ടത് പരീക്ഷ എഴുതാനുള്ള മുന്നൊരുക്കങ്ങളാണ്. ഇത് വീട്ടില്‍നിന്നു തന്നെ തുടങ്ങണം. ഹാള്‍ ടിക്കറ്റ് കൈവശം (പരീക്ഷ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്ന ബാഗിനുള്ളിലോ മറ്റോ സൂക്ഷിച്ച് വെക്കുക) കരുതുക, പരീക്ഷാ കേന്ദ്രത്തില്‍ നേരത്തെ എത്തുക തുടങ്ങിയവയൊക്കെ ഇതില്‍പ്പെടുന്നു.
ഹാള്‍ ടിക്കറ്റ് കൈവശം വയ്ക്കുക
പരീക്ഷയുടെ തലേ ദിവസം തന്നെ ഹാള്‍ ടിക്കറ്റ് എടുത്തു പരീക്ഷയ്ക്ക് കൊണ്ടു പോകുന്ന ബാഗിനുള്ളില്‍ സൂക്ഷിച്ച് വയ്ക്കുക. ഒരേ നിറത്തിലുള്ള മഷിയുള്ള രണ്ട് പേന കരുതുന്നത് നല്ലതാണ് പെന്‍സില്‍ മുന ഉണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം.പെന്‍സില്‍ മുന വരുത്താനുള്ള ഷാര്‍പ്പ്‌നര്‍, മായ്ക്കുന്നതിനുള്ള ഇറേസര്‍ എന്നിവയും കരുതുന്നത് നല്ലതാണ്) കോവിഡ് കാലമായതിനാല്‍ മാസ്‌ക്, സാനിറ്റൈസിര്‍ എന്നിവ ഒപ്പം കരുതുക.
പരീക്ഷാ ഹാളില്‍ 10 മിനിറ്റെങ്കിലും മുന്‍പേ എത്തുക
പരീക്ഷ തുടങ്ങുന്നതിനു തൊട്ടുമുന്‍പ് പരീക്ഷാ ഹാളില്‍ ഓടിയെത്തുന്ന ചിലരുണ്ട്. ആ ശീലം നല്ലതല്ല. പരീക്ഷ തുടങ്ങാറായല്ലോ എന്നോര്‍ത്ത് ടെന്‍ഷനിലായിരിക്കും കുട്ടി ഓടിയെത്തുന്നത്. ഇത് പഠിച്ചതൊക്കെ ചിലപ്പോള്‍ മറക്കാന്‍ ഇടയാക്കും. അതിനാല്‍ പരീക്ഷയ്ക്ക് ഏറ്റവും കുറഞ്ഞത് 10 മിനിറ്റെങ്കിലും മുന്‍പ് ഹാളില്‍ എത്തുക. മനസിനെ ശാന്തമാക്കാനും അനാവശ്യ ടെന്‍ഷന്‍ ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.
വീട്ടില്‍നിന്ന് പരീക്ഷാ കേന്ദ്രത്തിലേക്കുള്ള ദൂരവും സമയവും മനസിലാക്കുക
വീട്ടില്‍നിന്ന് പരീക്ഷാ ഹാളിലേക്ക് എത്ര ദൂരം ഉണ്ടെന്നും അവിടേക്ക് എത്താന്‍ എത്ര സമയമാണ് വേണ്ടതെന്നും കുട്ടികള്‍ അറിഞ്ഞിരിക്കണം. പോകുന്ന വഴിയില്‍ ട്രാഫിക് സിഗ്‌നലുകളുണ്ടോയെന്നും അവ കടക്കാന്‍ എത്ര സമയം വേണ്ടിവരുമെന്നും അറിഞ്ഞിരിക്കണം. ട്രാഫിക് തടസ്സം ഉണ്ടാകാനുള്ള സാധ്യതകള്‍ എപ്പോഴും പ്രതീക്ഷിക്കണം. ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി യാത്ര ചെയ്താല്‍ സമയ നഷ്ടം ഉണ്ടാകില്ല. പരീക്ഷയ്ക്കു മുന്‍പേ തന്നെ പരീക്ഷാ കേന്ദ്രത്തില്‍ എത്താനാകും.
പരീക്ഷയുടെ തലേ ദിവസം ഉറക്കമൊഴിഞ്ഞ് പഠിക്കരുത്
ഒരിക്കലും പരീക്ഷയുടെ തലേ ദിവസം ഉറക്കമൊഴിഞ്ഞിരുന്ന് പഠിക്കരുത്. പാഠഭാഗങ്ങളെല്ലാം തലേ ദിവസം പഠിക്കാനായി മാറ്റിവയ്ക്കുകയും അരുത്. പഠിച്ച ഭാഗങ്ങള്‍ ഒന്നുകൂടി ഓര്‍ക്കുകയാണ് വേണ്ടത്. മറ്റു ദിവസങ്ങളെക്കാള്‍ കുറവ് സമയമാണ് പരീക്ഷാ തലേന്ന് പഠിക്കാനായി ചെലഴിക്കേണ്ടത്. കൂടുതല്‍ സമയം ഇരുന്ന് പഠിക്കുന്നത് പരീക്ഷാ ദിവസം തലവേദന, ക്ഷീണം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇത് പരീക്ഷയെയും ബാധിക്കും. അതിനാല്‍ പരീക്ഷയുടെ തലേ ദിവസം നന്നായി ഉറങ്ങുക. നല്ല ഉറക്കം ശരീരത്തിനും മനസിനും ഉണര്‍വേകും. നന്നായി പരീക്ഷ എഴുതാനും സഹായിക്കും.
കഴിഞ്ഞ പരീക്ഷയെ കുറിച്ച് ഓര്‍ത്ത് വിഷമിക്കരുത്
ആദ്യ പരീക്ഷകള്‍ ചിലപ്പോള്‍ പ്രയാസമുള്ളതായിരിക്കും. എന്നു കരുതി ബാക്കി വരുന്നതെല്ലാം അങ്ങനെയാവണമെന്നില്ല. കഴിഞ്ഞ പരീക്ഷയെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കരുത്. ആ ചോദ്യം തെറ്റിപ്പോയി, എനിക്ക് ഇത്ര മാര്‍ക്ക് പോയി എന്നൊന്നും ഓര്‍ത്ത് നിരാശപ്പെടേണ്ടതില്ല. കഴിഞ്ഞതു കഴിഞ്ഞു, ഇനി അടുത്തതിലേക്ക്.
Post Your Comments