തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.ശങ്കരനാരായണന്റെ മരണം വലിയ നഷ്ടമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ അനുശോചനം രേഖപ്പെടുത്തിയത്.
ജനനേതാവ്, മന്ത്രി, മൂന്നു സംസ്ഥാനങ്ങളിലെ ഗവർണർ എന്നീ നിലകളിലെ അദ്ദേഹത്തിന്റെ സേവനത്തിൽ ഭരണമികവും ദൃഢമായ സാമൂഹിക പ്രതിബദ്ധതയും എന്നും പ്രതിഫലിച്ചിരുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
മുതിര്‍ന്ന നേതാവിന്റെ മരണത്തില്‍ മുഖ്യമന്ത്രിയും അനുശോചിച്ചു.
കോൺഗ്രസ്സിലെ മൂല്യാധിഷ്ഠിത രാഷ്ട്രീയ പ്രവർത്തനത്തിന്റെ മുഖമായിരുന്നു കെ ശങ്കരനാരായണനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്വേഷത്തിന്റെയോ മറ്റ് ഏതെങ്കിലും വിഭാഗീയ പരിഗണനയുടെയോ അകമ്പടിയില്ലാതെ പൊതുപ്രശ്നങ്ങളെ നോക്കിക്കാണുകയും നെഹ്റൂവിയൻ കാഴ്ചപ്പാട് മതനിരപേക്ഷതയിലടക്കം ഉയർത്തിപിടിക്കുകയും ചെയ്ത പാരമ്പര്യമാണ് അദ്ദേഹത്തിന്റേത്.
ദീർഘകാലം യു.ഡി.എഫ് കൺവീനർ എന്ന നിലയിൽ പ്രവർത്തിക്കുമ്പോഴും ജനകീയ പ്രശ്നങ്ങളിലും നാടിന്റെ വികസന പ്രശ്നങ്ങളിലും നിഷേധാത്മകമായ നിലപാട് സ്വീകരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. അന്ധമായ രാഷ്ട്രീയ ശത്രുതയുടെ സമീപനമല്ല, പൊതുപ്രവർത്തകരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനങ്ങൾക്ക് വേണ്ടി നിൽക്കണം എന്ന വിശാലമായ കാഴ്ചപ്പാടാണ് അദ്ദേഹം എന്നും മുറുകെപ്പിടിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments