![](/wp-content/uploads/2022/04/hnet.com-image-2022-04-24t083758.793.jpg)
മാഞ്ചസ്റ്റർ: കൗണ്ടി ക്രിക്കറ്റില്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയ്ക്ക് സെഞ്ച്വറി. ഡബിള്‍ സെഞ്ച്വറിക്ക് പിന്നാലെ വോഴ്സെസ്റ്റര്‍ഷെയറിനെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനുള്ള സാധ്യത പൂജാര വർദ്ധിപ്പിച്ചു. വോഴ്സെസ്റ്ററിനെതിരായ മത്സരത്തില്‍ 184 പന്തിലായിരുന്നു പൂജാര സെഞ്ചുറി തികച്ചത്. കഴിഞ്ഞ മത്സരത്തില്‍ ഡെര്‍ബിഷെയറിനെതിരെ പൂജാര ഡബിള്‍ സെഞ്ചുറിയുമായി തിളങ്ങിയിരുന്നു.
വോഴ്സെസ്റ്റര്ഷെയറിനെതിരെ 34-2 എന്ന സ്കോറില്‍ സസെക്സ് തകര്‍ച്ച നേരിടുമ്പോഴാണ് പൂജാര ക്രീസിലെത്തിയത്. മൂന്നാം വിക്കറ്റില്‍ ടോം ക്ലാര്‍ക്കിനൊപ്പം(44) പൂജാര 121 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി ടീമിനെ കരകയറ്റി. മൂന്നാം ദിനം ലഞ്ചിന് മുമ്പ് 109 റണ്‍സെടുത്താണ് പൂജാര പുറത്തായത്. വോഴ്സെസ്റ്റര്‍ഷെയറിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 491 റണ്‍സിന് മറുപടിയായി സസെക്സ് ഒന്നാം ഇന്നിംഗ്സില്‍ 269 റണ്‍സിന് പുറത്തായി.
Read Also:- ശാരീരികവും, മാനസികവും, വൈകാരികവുമായ ആരോഗ്യം നേടാന്‍
ഡെര്‍ബിഷെയറിനെതിരായ ആദ്യ മത്സരത്തില്‍ സസെക്സിനായി ഇറങ്ങിയ പൂജാര ആദ്യ ഇന്നിംഗ്സില്‍ ആറ് റണ്‍സിന് പുറത്തായി നിരാശപ്പെടുത്തിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ 201 റണ്‍സെടുത്ത് തിളങ്ങിയിരുന്നു. പൂജാരയുടെ ബാറ്റിംഗ് മികവില്‍ മത്സരത്തില്‍ സസെക്സ് സമനില നേടി. അതേസമയം, സസെക്സിനായി രണ്ടാം മത്സരത്തിനിറങ്ങിയ പാക് ബാറ്റ്സ്മാൻ മുഹമ്മദ് റിസ്വാന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി.
Post Your Comments