അഹമ്മദാബാദ്: ആർട്ടിക്കിൾ 370 റദ്ദാക്കൽ, അയോധ്യയിൽ രാമക്ഷേത്രം പണിയൽ തുടങ്ങിയ തീരുമാനങ്ങളിൽ ബിജെപിയെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് ഹാർദ്ദിക് പട്ടേൽ. താൻ അഭിമാനിയായ ഹിന്ദുവാണെന്നും ഹാർദ്ദിക് കൂട്ടിച്ചേർത്തു. ബിജെപിക്ക് മികച്ച തീരുമാനമെടുക്കാൻ കഴിവുള്ള നേതൃത്വമുണ്ടെന്നും നവീനമായമാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് ബിജെപി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗുജറാത്ത് കോൺഗ്രസിന്റെ പ്രവർത്തനത്തെ ഹാർദിക് പട്ടേൽ രൂക്ഷമായി വിമർശിച്ചു.
കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ പരാതികൾ ഉന്നയിച്ച്, ഒരു വർഷത്തിന് ശേഷം ‘പിസിസി തലവനെ മാറ്റിയതൊഴിച്ചാൽ’ പ്രശ്‌നപരിഹാരത്തിന് വേണ്ടി പാർട്ടി ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങളുടെ ക്ഷേമത്തിനായുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിനുപകരം, കോൺഗ്രസ് ആഭ്യന്തര പ്രശ്‌നത്തിൽ കുടുങ്ങിക്കിടക്കുകയാണെന്നും എന്നാൽ, കോൺഗ്രസ് പാർട്ടി വിടാൻ താൻ തീരുമാനിച്ചിട്ടില്ലെന്നും ഹാർദിക് പറഞ്ഞു.
‘തന്റെ ഹിന്ദു സ്വത്വത്തിൽ അഭിമാനിക്കുന്നുവെന്നും താൻ രഘുവംശിയിലെ ലവ-കുശ വംശത്തിൽ നിന്നുള്ളയാളാണെന്നും ഹാർദ്ദിക് പട്ടേൽ പറഞ്ഞു. ‘ഞാൻ രാമനെയും ശിവനെയും കുൽദേവിയെയും വിശ്വസിക്കുന്നു. ഞാനൊരു ഹിന്ദുവാണ്, ഒരു ഹിന്ദു ആയതിൽ അഭിമാനിക്കുന്നു. അതിന്റെ ആചാരങ്ങൾ പാലിക്കാൻ ഞാൻ എല്ലാ ശ്രമങ്ങളും നടത്തുന്നു. അച്ഛന്റെ ചരമവാർഷികത്തിൽ ഗീതയുടെ 4,000 കോപ്പികൾ വിതരണം ചെയ്യും’ ഹാർദിക് പറഞ്ഞു.
Post Your Comments