കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ. കാഞ്ഞങ്ങാട് ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണ്. ഗർഭഛിദ്രം നടത്താൻ പെൺകുട്ടിയുമായി മംഗലാപുരത്തെ ആശുപത്രിയിലെത്തിയപ്പോഴാണ് ഇയാൾ അറസ്റ്റിലായത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പെൺകുട്ടിയെ ഇപ്പോൾ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Also Read:ലോകത്തിലെ ഒന്നാം നമ്പര്‍ രാജ്യമായി ഇന്ത്യയെ മാറ്റുകയാണ് പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യം: അമിത് ഷാ
ഗർഭഛിദ്രം നടത്താൻ പെൺകുട്ടിയുമായി പ്രതി നേരത്തെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിയിരുന്നു. എന്നാൽ, ആശുപത്രി അധികൃതർക്ക് സംശയം തോന്നിയതോടെ, ഇവർ പല കാര്യങ്ങൾ തിരിച്ചും മറിച്ചും ചോദിച്ചു. ഇതോടെ പിടിയിലാകുമെന്ന് മനസിലായ ഇയാൾ മകളെയും കൊണ്ട് മുങ്ങുകയായിരുന്നു. തുടർന്ന്, ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. പ്രതി ആശുപത്രിയിൽ നൽകിയ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.
അന്വേഷണത്തിൽ ഇയാൾ മംഗലാപുരത്ത് ഉണ്ടെന്ന് കണ്ടെത്തി. കാഞ്ഞങ്ങാട് ഗർഭഛിദ്രം നടത്താൻ കഴിയാത്തതിനാൽ ഈ ലക്ഷ്യത്തിനായി മംഗലാപുരത്തേക്ക് പോയതായിരുന്നു ഇരുവരും. പിന്നാലെ പോയ പൊലീസ് മംഗലാപുരത്തെ ആശുപത്രിയിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. പെൺകുട്ടിയെ വിശദമായ പരിശോധനയ്ക്ക് വിധേയയാക്കും. പ്രതിക്കെതിരെ പോക്സോ വകുപ്പുകളടക്കം ചുമത്തി കേസെടുത്തു. പീഡനത്തെ കുറിച്ച് മറ്റാർക്കെങ്കിലും അറിവുണ്ടായിരുന്നു എന്നും പോലീസ് അന്വേഷിക്കും.
Post Your Comments