![](/wp-content/uploads/2022/04/untitled-43-3.jpg)
കറാച്ചി: അഫ്ഗാൻ അതിർത്തിയിൽ വെടിവെയ്പുകൾ തുടർക്കഥയാവുകയാണ്. പാകിസ്ഥാന് തലവേദനയായി മാറിയിരിക്കുകയാണ് താലിബാൻ. ഇന്ന് നടന്ന വെടിവെപ്പിൽ മൂന്ന് പാകിസ്ഥാൻ സൈനികർ കൂടി കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂൺ പ്രവിശ്യയിലെ ഉത്തര വസീറിസ്ഥാനിലാണ് സംഭവം. അതിർത്തിക്കപ്പുറത്തുനിന്ന് തീവ്രവാദികളാണ് ആദ്യം വെടിയുതിർത്തത്. ഇതോടെ, നൂറിലധികം പാക് സൈനികരാണ് താലിബാൻ ഭീകരരുടെ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്. പാകിസ്ഥാൻ സൈനികർ നടത്തിയ തിരിച്ചടിയിൽ അഫ്ഗാൻ തീവ്രവാദികൾക്കും കാര്യമായ ആൾനാശം ഉണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
2021 ഓഗസ്റ്റിൽ താലിബാൻ കാബൂൾ പിടിച്ചടക്കിയപ്പോൾ അന്നത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞത് അഫ്ഗാനികൾ ‘അടിമത്തത്തിന്റെ ചങ്ങലകൾ തകർത്തു’ എന്നായിരുന്നു. താലിബാന്റെ വിജയം പാക്കിസ്ഥാന് ചില ഭൗമരാഷ്ട്രീയ നേട്ടങ്ങൾ നൽകിയെങ്കിലും, ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. പാകിസ്ഥാന് ഇപ്പോൾ ഏറ്റവും തലവേദനയാകുന്നത് താലിബാൻ ആണ്. അഫ്ഗാനിസ്ഥാനിൽ തങ്ങളുടെ ഇസ്ലാമിക എമിറേറ്റ് പുനഃസ്ഥാപിക്കാനാണ് അഫ്ഗാൻ താലിബാൻ ആഗ്രഹിക്കുന്നത്. പാകിസ്ഥാൻ ഭരണകൂടത്തെ താഴെയിറക്കി ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ ടി.ടി.പിയും ആഗ്രഹിക്കുന്നു. അവർ അതിനായുള്ള ശ്രമങ്ങൾ ആരംഭിച്ച് കഴിഞ്ഞുവെന്ന് വേണം കരുതാൻ. അതിന്റെ ഭാഗമായാണ് ദിനംപ്രതി താലിബാൻ പാകിസ്ഥാനിലേക്ക് വെടിയുതിർക്കുന്നത്.
Also Read:കൃത്യമായ മാനദണ്ഡങ്ങളില്ല: സപ്ലൈകോ നെല്ല് സംഭരണത്തിൽ വ്യാപക ക്രമക്കേടെന്ന് വിജിലൻസ് കണ്ടെത്തല്‍
കഴിഞ്ഞ രണ്ട് മാസത്തിനിടെ പാകിസ്ഥാൻ അതിര്‍ത്തിയിൽ അഫ്ഗാൻ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദികൾ തുടര്‍ച്ചയായി ആക്രമണം നടത്തുകയാണ്. ഈ മാസം ആദ്യം വടക്കൻ വസീറിസ്ഥാൻ ജില്ലയിൽ തീവ്രവാദികൾ വാഹനം ആക്രമിച്ചതിനെ തുടർന്ന് ഏഴ് പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഈ വർഷം മാർച്ചിൽ അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ നിന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ നാല് സൈനികരും ഇതേ മേഖലയിൽ കൊല്ലപ്പെട്ടിരുന്നു.
നേരത്തെ, ടി.ടി.പിക്കെതിരെ ആക്രമണം നടത്തിയ അഫ്ഗാനിസ്ഥാനിലെ യു.എസ് സേനയുമായി പാകിസ്ഥാൻ രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെച്ചിരുന്നു. കലാപകാലത്ത് താലിബാൻ തങ്ങളുടെ നിലനിൽപ്പിന് പാകിസ്ഥാനെ ആശ്രയിച്ചിരുന്നെങ്കിൽ, അവർ ഇപ്പോൾ അഫ്ഗാനിസ്ഥാന്റെ ഭരണാധികാരികളാണ്. പാകിസ്ഥാൻ അതിർത്തി കടന്ന് കൂടുതൽ ആക്രമണങ്ങൾ നടത്തിയാൽ തങ്ങൾ ‘പ്രതികാരം’ ചെയ്യുമെന്ന താലിബാന്റെ മുന്നറിയിപ്പ് മുൻപുണ്ടായിരുന്ന മൃദുസമീപനം മാറി എന്നതിന്റെ തെളിവ് ആണ്.
Post Your Comments