കൊച്ചി: താൻ എന്തുകൊണ്ടാണ് ഒരു കോൺഗ്രസുകാരനായതെന്ന് വെളിപ്പെടുത്തി രമേഷ് പിഷാരടി. വർഷങ്ങൾക്ക് മുന്നേ എഴുതപ്പെട്ട പുസ്തകങ്ങൾക്ക് കീഴിൽ പ്രവർത്തിക്കാൻ തനിക്ക് കഴിയില്ലെന്നും, കോൺഗ്രസ് അങ്ങനെ ഏതെങ്കിലും ഒരു പുസ്തകത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന പാർട്ടി അല്ലാത്തത് കൊണ്ടാണ് കോൺഗ്രസിൽ ചേർന്നതെന്നും രമേഷ് പിഷാരടി പറയുന്നു. ദ ക്യു ഷോ ടൈമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കേരളത്തിലുള്ള ഭൂരിപക്ഷം ആളുകളും ഇടത് ചിന്താഗതിയുള്ളവരാണ്. അല്ലെങ്കിൽ ഇവിടെ തിരഞ്ഞെടുപ്പിന്റെ റിസൾട്ട് ഒന്നും ഇങ്ങനെയാകില്ലായിരുന്നു. ഞാൻ എന്തുകൊണ്ട് കോൺഗ്രസ് എന്ന് ചോദിച്ചാൽ, കോൺഗ്രസ് ഏതെങ്കിലും ഒരു പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു പാർട്ടി അല്ല. മതങ്ങൾക്കും ചില പാർട്ടികൾക്കുമൊക്കെ മിനിമം 100 വർഷം മുന്നേ എഴുതിയ നിയമസംഹിതകൾ ഉൾപ്പെട്ട ഒരു പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതാണ്. എനിക്ക് അത്തരത്തിലൊരു പുസ്തകത്തിന്റെ കീഴിൽ പ്രവർത്തിക്കാൻ കഴിയില്ല. ഈ പുസ്തകം എഴുതിയ കാലത്തുള്ള ഒരു ലോകം ഇപ്പോഴില്ല. ആ ലോകം പൂർണമായിട്ടും മാറി. നമ്മൾ വേറെയൊരു ലോകത്താണ് ജീവിക്കുന്നത്.
പണ്ടെങ്ങോ ഉണ്ടായിരുന്നൊരു ലോകത്താണ് എല്ലാ മത ഗ്രന്ഥങ്ങളും പാർട്ടി പുസ്തകങ്ങളും എഴുതിയിരിക്കുന്നത്. നമ്മുക്ക് ഭരണഘടനക്ക് ഒരു ഗുണം എന്താണെന്ന് വെച്ചാൽ, അതിനാണ് നിയമസഭകളുള്ളത്. നിയമം നിർമ്മിക്കാം, അമെൻഡ് ചെയ്യാം, പുതിയ കാര്യങ്ങൾ കൊണ്ട് വരാം, എല്ലാം ചെയ്യാം. നമ്മൾ ഇപ്പോൾ ചർച്ചകളിൽ വരുന്ന മനുസ്‌മൃതിയെടുത്താലും, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എടുത്താലും, ആത്മീയ ഗ്രന്ഥങ്ങൾ എടുത്താലും അതെല്ലാം പണ്ട് എഴുതപ്പെട്ട കാര്യങ്ങളാണ്. കോൺഗ്രസിൽ അത്തരത്തിലൊരു ബുക്ക് ഇല്ല എന്നുള്ളതാണ് പ്രാഥമികമായിട്ടുള്ള കാരണം’, രമേഷ് പിഷാരടി പറയുന്നു.
Post Your Comments