കാക്കനാട്: സീരിയൽ അണിയറപ്രവർത്തകർ താമസിക്കുന്ന മുറിയിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയെന്ന് പറഞ്ഞ് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ. തൃക്കാക്കര പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, ലിന്റോ എന്നിവരെയാണ് സിറ്റി പോലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്. ഇരുവര്‍ക്കും വീഴ്ച പറ്റിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ബുധനാഴ്ചയാണ് പോലീസിനെ നാണക്കേടിലാക്കിയ കഞ്ചാവ് വിവാദം ഉണ്ടാകുന്നത്. കാക്കനാട് അത്താണിയിൽ സീരിയൽ പ്രവർത്തകർ താമസിച്ചിരുന്ന വീട്ടിൽ ആരോപണവിധേയരായ പോലീസുകാർ പരിശോധനയ്‌ക്ക് എത്തുകയും മുറിയിൽ നിന്ന് കഞ്ചാവ് കിട്ടിയെന്ന പറഞ്ഞ് യുവാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
കേസ് ഒതുക്കി തീർക്കാൻ 10,000 രൂപ കൈക്കൂലി നൽകണമെന്നു ആവശ്യപ്പെടുകയും ചെയതു. കോടതിയിൽ എത്തിയാൽ 35,000 രൂപയോളം ചെലവ് വരുമെന്ന് പറഞ്ഞായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്.
യുവാക്കളിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയെന്ന് പറഞ്ഞിട്ടും ഇവരെ പിടികൂടിയിരുന്നില്ല. ഉച്ചയ്‌ക്ക് വരാമെന്നും പണം സംഘടിപ്പിച്ചു വയ്‌ക്കണമെന്നും പോലീസുകാർ നിർദേശം നൽകി. തുടർന്ന് യുവാക്കൾ ഈ വിവരം നഗരസഭാ കൗൺസിലറും സീരിയൽ നടനുമായ പി.സി മനൂപിനെ അറിയിക്കുകയായിരുന്നു.
മനൂപ് ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അവിടെയെത്തുകയും കാര്യങ്ങൾ മനസിലാക്കുകയുമായിരുന്നു.
പോലീസുകാർ തന്നെ കഞ്ചാവ് കൊണ്ടിടുകയും മർദ്ദിക്കുകയും മൊബൈൽ പിടിച്ചു വാങ്ങുകയും ചെയ്തുവെന്ന് യുവാക്കൾ ആരോപിക്കുന്നു. കഞ്ചാവ് കൈവശം വെച്ചുവെന്ന പേരിൽ യുവാക്കൾക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്
Post Your Comments