കണ്ണൂർ: മുസ്‌ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചതിന് പിന്നാലെ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തിയ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുന്നണി വിപുലീകരണത്തിന് എല്‍.ഡി.എഫില്‍ ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നും പുതുതായി ചുമതലയേറ്റ ഇ.പി ജയരാജന്‍ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞതായിരിക്കുമെന്നും കാനം രാജേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ച നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് പറഞ്ഞ ഇ.പി ജയരാജനെ കെ.പി.എ മജീദ് അടക്കമുള്ളവർ തള്ളി രംഗത്ത് വന്നിരുന്നു. ഇടതുമുന്നണിയിലേക്ക് പോവേണ്ട ഗതികേട് ലീഗിനില്ലെന്നായിരുന്നു മജീദ് പ്രതികരിച്ചത്. അത് ലീഗിന്റെ അജണ്ടയില്‍ പോലുമില്ല, ഭരണം ഇല്ലാത്തപ്പോഴാണ് ലീഗ് ഏറ്റവും കൂടുതല്‍ വളര്‍ന്നിട്ടുള്ളതെന്നും ഭരണമില്ലെങ്കില്‍ ലീഗ് ക്ഷീണിച്ചുപോകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയരൂപീകരണത്തിന്റെ കിംഗ് മേക്കർ ആണെന്നും ഇടതു മുന്നണിയിലേക്ക് വരുന്നതിനെക്കുറിച്ച് അവർ ആലോചിക്കട്ടെ എന്നുമായിരുന്നു ജയരാജൻ പറഞ്ഞത്. ലീഗില്ലെങ്കിൽ ഒരു സീറ്റിലും ജയിക്കാനാകില്ല എന്ന ഭയമാണ് കോൺഗ്രസിനെന്നും ഇ പി ജയരാജൻ വിമർശിച്ചു.
‘അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റിലും ജയിക്കാനുള്ള അടവു നയം സ്വീകരിക്കും. ഇന്ത്യയില്‍ ബി.ജെ.പി ഭരണം അവസാനിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിനുളള നടപടി സ്വീകരിക്കും. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തിപ്പെടും. കൂടുതല്‍ ബഹുജന പിന്തുണയുളള പ്രസ്ഥാനമാകും. അതൊരു മഹാമനുഷ്യ പ്രവാഹമായിരിക്കും. പ്രാദേശികമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിട്ടുവരുന്നുണ്ടെങ്കില്‍ അവരേയും ഞങ്ങള്‍ നാടിന്റെ വികസന പ്രവര്‍ത്തനത്തില്‍ സഹകരിപ്പിക്കും’, ഇ.പി ജയരാജൻ പറഞ്ഞു.
Post Your Comments