തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതില്‍ വ്യാപക എതിര്‍പ്പുമായി മുസ്ലിം സംഘടനകള്‍. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് സംഘടനകള്‍ നിലപാട് വ്യക്തമാക്കിയത്. സ്ഥിരം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ ആവശ്യമില്ലെന്നാണ് സമസ്തയടക്കം സംഘടനകളുടെ നിലപാട്. കേരളം ഇന്ത്യയ്ക്കാകെ മാതൃകയാണെന്നും ഇന്ത്യയിലെ ഒരു സംസ്ഥാനത്തും വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടുകൊടുത്തിട്ടില്ല എന്നും സംഘടനകള്‍ സര്‍ക്കാരിനെ അറിയിച്ചു.
പഴയ സംവിധാനം പുനഃസ്ഥാപിക്കണമെന്നും, നിയമനം പി.എസ്.സിക്കു വിടാനായി നിയമസഭയില്‍ കൊണ്ടുവന്ന നിയമം റദ്ദു ചെയ്യണമെന്നും ഭൂരിപക്ഷം സംഘടനകളും ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച പ്രതീക്ഷ നല്‍കുന്നതാണെന്ന് സംഘടനാ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. വഖഫ് ബോര്‍ഡില്‍ കുറ്റമറ്റ രീതിയില്‍ നിയമനം നടത്താന്‍ മത സംഘടനാ പ്രതിനിധികളെയും വഖഫ് ബോര്‍ഡ് പ്രതിനിധികളെയും കൂട്ടിച്ചേര്‍ത്തു കൊണ്ട് സമിതി രൂപീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് സമസ്ത നേതൃത്വം ആവശ്യപ്പെട്ടു.
Post Your Comments