കോഴിക്കോട്: ജെബി മേത്തറുടെ രാജ്യസഭാ സ്ഥാനാര്‍ഥിത്വത്തിനു നേരെ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പരിഹാസമുയർത്തി ഷാനിമോള്‍ ഉസ്മാൻ. ഇതിനു മറുപടിയുമായി ഷീബ രാമചന്ദ്രന്‍ രംഗത്ത്. ജെബി മേത്തര്‍ക്ക് രാജ്യസഭാ സീറ്റ് നല്‍കിയത് തീര്‍ച്ചയായും വിപ്ലവകരമായ തീരുമാനം തന്നെ ആയിരുന്നുവെന്ന് ഷീബ രാമചന്ദ്രന്‍ സമൂഹ മാധ്യമത്തിൽക്കുറിച്ചു.
‘വിപ്ലവകരമായ തീരുമാനം എന്ന് ഹാസ്യാത്മകമായി പറഞ്ഞ് ഇന്ന് ആക്ഷേപിക്കുന്ന ഷഷ്ഠിപൂർത്തിയിലെത്തി നിൽക്കുന്ന മഹിളാ രത്നങ്ങൾ, ഇലക്ഷൻ കാലയളവിലുടനീളം ആത്മാർത്ഥമായി കൂടെ നിന്ന് കൈയും മെയ്യും മറന്ന് ജയിപ്പിച്ച പ്രമുഖ നേതാവിനോട് സഖാക്കളുടെ ഷൂവിൽ കയറി നിന്ന് മാപ്പു പറയാൻ ആവശ്യപ്പെട്ട നന്ദികേട് ഇവിടെയാരും മറന്നിട്ടില്ല’- എന്നും ഷീബ പറയുന്നു.
read also: ക്ഷീണമോ ഉറക്കമോ അനുഭവപ്പെടുമ്പോൾ വാഹനം ഡ്രൈവ് ചെയ്യരുത്: പൊതുജനങ്ങൾക്ക് നിർദ്ദേശവുമായി പോലീസ്
കുറിപ്പ് പൂർണ്ണ രൂപം
Adv Jebi Mather ക്ക് രാജ്യസഭാ സീറ്റ് നൽകിയത് തീർച്ചയായും വിപ്ലവകരമായ തീരുമാനം തന്നെ ആയിരുന്നു.മഹിള കോൺഗ്രസ് എന്ന സംഘടനയ്ക്കും ഒപ്പം യൂത്ത് കോൺഗ്രസ് എന്ന സംഘടനയ്ക്കും കിട്ടിയ അംഗീകാരം എന്നതിലുപരി 4 പതിറ്റാണ്ടിനു ശേഷം പ്രസ്ഥാനത്തിലെ ഓരോ മഹിളകൾക്കും യുവാക്കൾക്കും ലഭിച്ച അംഗീകാരം കൂടിയാണത്. അതിന് ഇവിടെ ആരും അസൂയപ്പെട്ടിട്ടും കൊതിക്കെറുവ് പറഞ്ഞിട്ടും കാര്യമില്ല.
ചിലർ വർഷങ്ങളായി (പാർട്ടി നൽകിയത് Safe ആയ മണ്ഡലമായാൽ പോലും) തോറ്റ് തോറ്റ് തുന്നം പാടിയിട്ടും ജയിക്കും വരെ പാർട്ടി സീറ്റ് നൽകാൻ ക്ഷമ കാണിച്ചതു പോലെയല്ല ജെബി മേത്തർ – പാർട്ടി കൊടുത്തത് ചെറിയ സീറ്റിൽ ആയിരുന്നിട്ടും അത് മുനിസിപ്പാലിറ്റി ആയാലും രണ്ടു വട്ടം വൻ ഭൂരിപക്ഷത്തോടെ ജയിച്ചു വന്നവളാണ്.അല്ലാതെ ഒരു സുപ്രഭാതത്തിൽ ഓടു പൊളിച്ച് ഇറങ്ങി വന്നവളല്ല അഡ്വക്കേറ്റ് ജെബി മേത്തർ.
രാജ്യസഭ എന്നത് നിരവധി നിയമങ്ങളും നിയമ നിർമ്മാണങ്ങളും നിയമ ഭേദഗതികളും ( അമൻമെന്റ് ) ഉടലെടുക്കുന്ന ഇടമാണ് – അവിടെ Constitutional Law യിൽ Specialize ചെയ്ത് LLM പാസായ ഇംഗ്ലീഷ് ഭാഷയിലും ഹിന്ദിയിലും മികച്ച പ്രാവീണ്യമുള്ള ജെബി മേത്തർ തന്നെയാണ് അഭികാമ്യമായിട്ടുള്ളത് അല്ലാതെ അവിടെ ചെന്ന് തപ്പിത്തടഞ്ഞ് ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവരെയല്ല നവീന കാലഘട്ടം ആവശ്യപ്പെടുന്നത്.
വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചത് ഒരു പോരായ്മ ആണെങ്കിൽ അതിന്റെ പങ്ക് പരമ്പരാഗതമായി കോൺഗ്രസ് പ്രസ്ഥാനത്തിന്റെ വളർച്ചയുടെ വഴികളിൽ ശക്തമായ താങ്ങും തണലുമായിട്ടുണ്ട് എന്ന് നന്ദിയോടെ ഓർക്കേണ്ടതിനു പകരം എല്ലാം അറിയുന്നവർ തന്നെ ആ കുടുംബത്തോട് നന്ദികേട് പറയരുത്.
കൗമാര -യൗവ്വന കാലഘട്ടങ്ങളിൽ സുഖലോലുപതയിൽ അടിച്ചു പൊളിച്ച് കഴിയാമായിരുന്നിട്ടും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകയായി ക്ഷമയോടെ KSU – യൂത്തു കോൺഗ്രസിലൂടെ പടിപടിയായി വളർന്നു വന്ന് തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളോട് തികച്ചും നീതി പുലർത്തി വർഷങ്ങളായി സാധാരണക്കാരോടൊപ്പം ഒരു പാത്രത്തിൽ നിന്ന് ഉണ്ടും ഉറങ്ങിയും പൊതുരംഗത്ത് നിൽക്കുന്ന പ്രകടനാത്മകതയില്ലാത്ത സൗമ്യസാന്നിധ്യമായിട്ടാണ് എന്റെ ജില്ലക്കാരി കൂടിയായ ശ്രീമതി ജെബിയെ ഞാൻ ചെറുപ്പകാലം മുതൽ മനസ്സിലാക്കിയിരിക്കുന്നത്.അത്തരക്കാരെ തന്നെയാണ് നേതൃത്വം പരിഗണിക്കേണ്ടത് ?
വിപ്ലവകരമായ തീരുമാനം എന്ന് ഹാസ്യാത്മകമായി പറഞ്ഞ് ഇന്ന് ആക്ഷേപിക്കുന്ന ഷഷ്ഠിപൂർത്തിയിലെത്തി നിൽക്കുന്ന മഹിളാ രത്നങ്ങൾ ഇലക്ഷൻ കാലയളവിലുടനീളം ആത്മാർത്ഥമായി കൂടെ നിന്ന് കൈയും മെയ്യും മറന്ന് ജയിപ്പിച്ച പ്രമുഖ നേതാവിനോട് സഖാക്കളുടെ ഷൂവിൽ കയറി നിന്ന് മാപ്പു പറയാൻ ആവശ്യപ്പെട്ട നന്ദികേട് ഇവിടെയാരും മറന്നിട്ടില്ല.
അധികാരക്കൊതി മൂത്ത മഹിളാ രത്നങ്ങളെ നേതൃത്വം ആദ്യമേ നിലക്കു നിർത്തേണ്ടിയിരിക്കുന്നു. പ്രസ്ഥാനത്തെയും കൈ പിടിച്ച് എന്നും ഉയർത്തിയ നേതാക്കളേയും ഒളിഞ്ഞും പാത്തുമായി പലപ്പോഴും പരസ്യമായി വ്യക്തിഹത്യ ചെയ്യുന്ന അച്ചടക്കം പാലിക്കാത്തവരെ അച്ചടക്ക നടപടിയിലൂടെ പടി അടച്ച് പിണ്ഡം വെക്കാതെ വീണ്ടും വീണ്ടും ദേശീയ സംസ്ഥാന തലങ്ങളിൽ സ്ഥാനമാനം നൽകുന്ന നേതാക്കൾ ആണ് യഥാർത്ഥത്തിൽ ഇവിടെ തെറ്റുകാർ.
പ്രസ്ഥാനത്തെ സ്നേഹിക്കു – എന്നിട്ടു പോരെ പദവികൾ?!!!
‘ചുമരുണ്ട് എങ്കിലേ ചിത്രം വരയ്ക്കാൻ കഴിയൂ’ എന്നെങ്കിലും വാർദ്ധ്യകത്തിലും ഡൈ ചെയ്ത് കറുപ്പിച്ച് നടക്കുന്ന അധികാരത്തിന്റെ അമൃത് ആവോളം രുചിച്ച ആൺ പെൺ നേതാക്കൾ തിരിച്ചറിയേണ്ടിയിരിക്കുന്നു –
ചങ്കാണ് എനിക്ക് എന്റെ കോൺഗ്രസ്❤️
ചങ്കിടിപ്പാണ് കോൺഗ്രസ്♥️
ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് – ജയ് ഹിന്ദ്.?
Post Your Comments