തിരുവനന്തപുരം: അധികാരമില്ലെങ്കിലും താൻ ജനങ്ങളെ സേവിക്കുമെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. നിലവില്‍ എന്തുവന്നാലും പാര്‍ട്ടിക്കൊപ്പമാണെന്നും ഭാവിയിലെ കാര്യം തനിക്ക് പറയാന്‍ കഴിയില്ലെന്നും പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പത്മജ വേണുഗോപാല്‍ വ്യക്തമാക്കി.
‘ഒരാള്‍ പോലും പാര്‍ട്ടി വിടരുതെന്ന് തീരുമാനിക്കുന്നയാളാണ് ഞാന്‍. ഇപ്പോഴും ചില വിഷമങ്ങള്‍ എന്നെ പിന്തുരടുന്നുണ്ട്. പലപ്പോഴും കഴിവില്ലാത്തതുകൊണ്ടോ, വര്‍ക്ക് ചെയ്യാത്തതുകൊണ്ടോ അല്ല നമ്മള്‍ പല സ്ഥലങ്ങളിലും തഴയപ്പെടുന്നത്, അര്‍ഹതയില്ലാത്ത പലരും കയറിവരുന്നുണ്ട്. അങ്ങനെയൊക്കെ കാണുമ്പോള്‍ ഒരു വിഷമമുണ്ട്. അല്ലാതെ അവര്‍ക്ക് അംഗീകാരം കിട്ടുമ്പോള്‍ തനിക്കൊന്നുമില്ല, എന്നാല്‍ എവിടെയൊക്കയോ ഒരു പക്ഷഭേദം കാണിക്കുന്നുണ്ട് എന്ന വിഷമം തോന്നാറുണ്ട്’, പത്മജ പറഞ്ഞു.
‘രാജ്യസഭാ സീറ്റ് ജെബി മേത്തറിന് കൊടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. സീറ്റ് ഒരു വനിതക്ക് നല്‍കിയതില്‍ സന്തോഷമുണ്ട്. കെ കരുണാകരന്റെ മക്കളോട് പാര്‍ട്ടിക്ക് ഒരു ചിറ്റമ്മ നയം പണ്ടേയുണ്ട്. കൂടെനില്‍ക്കുന്നവര്‍ കാലുവാരിയത് കൊണ്ടാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് പരാജയപ്പെട്ടത്. ഞാന്‍ ജയിക്കണമെന്ന് കോണ്‍ഗ്രസുകാര്‍ വിചാരിച്ചിരുന്നില്ല. വിശ്വസിച്ചവര്‍ തന്നെ എന്നെ ചതിച്ചു. എന്നാല്‍ തോല്‍വിയില്‍ വിഷമമുണ്ടായിട്ടില്ല. പണിയെടുക്കുക എന്നതാണ് എന്റെ ശൈലി’ പത്മജ വ്യക്തമാക്കി.
‘കെവി തോമസിന്റെ ഭാഗത്ത് നിന്ന് പാര്‍ട്ടിക്കെതിരായ ഒരു നീക്കം പ്രതീക്ഷിച്ചില്ലെങ്കിലും പാര്‍ട്ടിയില്‍ നിന്ന് പരമാവധി കാര്യങ്ങള്‍ അദ്ദേഹം നേടിയെടുത്തു. തോമസ് മാഷിന് അദ്ദേഹത്തിന്റേതായ വിഷമങ്ങള്‍ ഉണ്ടാകും. അല്ലെങ്കില്‍ ആരും ഇങ്ങനെയൊരു തീരുമാനമെടുക്കില്ലായിരുന്നില്ല’, പത്മജ വ്യക്തമാക്കി.
‘അധികാരമില്ലെങ്കിലും ജനങ്ങളെ സേവിക്കാന്‍ എനിക്കാകും. സഹോദരങ്ങള്‍ തമ്മിലെന്ന നിലയില്‍ ഞാനും കെ. മുരളീധരനും ഇടക്ക് ഇണക്കത്തിലും പിണക്കത്തിലും ആകാറുണ്ട്. നിലവില്‍ ഇണക്കത്തിലാണ്. അനിയത്തി വീട്ടിലെ കാര്യങ്ങളൊക്കെ നോക്കി വീട്ടില്‍ കഴിഞ്ഞാല്‍ മതി എന്ന ധാരണ അദ്ദേഹത്തിനുണ്ടോ എന്ന് അറിയില്ലെങ്കിലും മുരളീധരന്റെ ചുറ്റുമുള്ളവര്‍ക്ക് അങ്ങനെയുണ്ട്’, പത്മജ കൂട്ടിച്ചേർത്തു.
Post Your Comments