Latest NewsKeralaIndia

പാർട്ടി കോൺഗ്രസ്സിൽ യെച്ചൂരി ഉപയോഗിച്ചത് ക്രിമിനൽ കേസിലെ പ്രതിയുടെ വാഹനമെന്ന് ആരോപണം

കണ്ണൂർ: പാർട്ടി കോൺഗ്രസ്സിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച വാഹനം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുടേതാണെന്ന് ആരോപണം. യെച്ചൂരി യാത്ര ചെയ്ത കെ.എൽ 18 എ.ബി-5000 ഫോർച്ച്യൂണർ കാർ ഇരിങ്ങണ്ണൂർ കുഞ്ഞിപ്പുരമുക്കിൽ മൊടവന്തേരിയിലെ ചുണ്ടയിൽ സിദ്ദീഖിന്റെതാണെന്ന് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് ആരോപിക്കുന്നു.
സിദ്ദീഖ് നിരവധി കേസിൽ പ്രതിയാണ്. 2010 ഒക്‌ടോബർ മാസം 21ന് നാദാപുരം പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥനായ സജിൻ ചന്ദ്രൻ എന്നയാളെ അകാരണമായി തടഞ്ഞുവച്ച് മർദ്ദിച്ച് അവശനാക്കിയതാണ് സിദ്ദീഖിനെതിരായ കുറ്റം. സജിൻ ചന്ദ്രനെ അക്രമിച്ചതിലും ദുരൂഹതയുണ്ടെന്നും എൻ. ഹരിദാസ് പറഞ്ഞു. സജിൻ ചന്ദ്രനെ കൊല്ലാനുള്ള നീക്കമാണ് നടന്നത്. ഈ കേസ് ഒതുക്കിത്തീർക്കാൻ നിരവധി തവണ മധ്യസ്ഥത വഹിച്ചത് സിപിഎം നേതാക്കളാണ്.  ഈ കേസുമായി ബന്ധപ്പെട്ട് ചുണ്ടയിൽ സിദ്ദീഖിനെ സഹായിക്കാനുള്ള ഒത്തുകളിയുടെ ഭാഗമാണോ ഇത്തരം കൊടുക്കൽവാങ്ങലെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണം. ഇതിനു പുറമേ നാദാപുരം മേഖലയിൽ നിരവധി കേസുകളും ഇയാളുടെ പേരിലുണ്ടെന്നും ബിജെപി നേതാവ് വെളിപ്പെടുത്തി.

‘സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്ററുടെ നിർദ്ദേശപ്രകാരമാണ് വാഹനമെത്തിച്ചത്. സിപിഎമ്മുമായി പുലബന്ധമില്ലാത്ത ഇയാൾ പകൽ ലീഗും രാത്രികാലങ്ങളിൽ എസ്ഡിപിഐ പ്രവർത്തകനുമാണ്. അതോടൊപ്പംതന്നെ, ഇയാൾ സിപിഎമ്മുമായും സജീവബന്ധം നിലനിർത്തുന്നു. സിദ്ദീഖിന്റെ വാഹനം അഖിലേന്ത്യാ സെക്രട്ടറി ഉപയോഗിച്ചതിലൂടെ സിപിഎമ്മും എസ്ഡിപിഐയും തമ്മിലുള്ള ബന്ധമാണ് വ്യക്തമാകുന്നത്. അഖിലേന്ത്യാ സെക്രട്ടറിക്ക് ഉപയോഗിക്കാനുള്ള വാഹനം പോലും എസ്ഡിപിഐക്കാർ നൽകേണ്ട സാഹചര്യം വ്യക്തമാക്കുന്നത് സിപിഎം നേതൃത്വവും എസ്ഡിപിഐയും തമ്മിലുള്ള ബന്ധമാണ്.’

ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണം. എസ്ഡിപിഐയെ സഹായിക്കാനുള്ള സിപിഎം വ്യഗ്രത കേരളത്തിലങ്ങോളമിങ്ങോളം കാണാൻ സാധിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button