Latest NewsKeralaNews

നവകേരള തദ്ദേശകം 2022: പെൻഡിംഗ് ഫയൽ അദാലത്ത് സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ച് മന്ത്രി എം വി ഗോവിന്ദൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സംഘടിപ്പിച്ച നവകേരള തദ്ദേശകം 2022 ന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടത്തുന്ന പെൻഡിംഗ് ഫയൽ അദാലത്ത് ഓരോ തലത്തിലും നിശ്ചയിച്ച സമയത്തിന് തന്നെ പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ച് മന്ത്രി എം വി ഗോവിന്ദൻ. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പെർഫോമൻസ് ഓഡിറ്റ് യൂണിറ്റ് മുതൽ സെക്രട്ടേറിയേറ്റ് വരെയുള്ള വിവിധ തലങ്ങളിലാണ് ഫയൽ അദാലത്ത് നടത്തുന്നത്. ഈ വർഷം ജനുവരി 31 വരെ സ്വീകരിച്ചതും ആരംഭിച്ചതും തീർപ്പാക്കാത്തതുമായ എല്ലാ ഫയലുകളും വർഷം തിരിച്ചും കാറ്റഗറി തിരിച്ചും ഓഫീസ് അടിസ്ഥാനത്തിൽ പട്ടിക തയ്യാറാക്കിയാണ് അദാലത്ത് നടത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

Read Also:  സാമ്പത്തിക തട്ടിപ്പ്: 60 വിദേശപൗരൻമാർക്കെതിരെ കേസെടുത്തു

കെട്ടിക്കിടക്കുന്നതും തീർപ്പ് കൽപ്പിക്കാത്തതുമായ എല്ലാ ഫയലുകളും അതാത് ഓഫീസിൽ തീർപ്പാക്കാനും ഉയർന്ന തട്ടിലെ ഓഫീസുകളിലേക്ക് നൽകാനുള്ളവ നൽകിയ ശേഷം റിപ്പോർട്ട് നൽകാനും നിർദ്ദേശം നൽകിയിട്ടുണ്ട്. അത്തരം ഫയലുകൾ ഏപ്രിൽ 12 നകം തദ്ദേശ സ്ഥാപന തലത്തിലും മറ്റ് ഓഫീസ് തലങ്ങളിലും തീർപ്പാക്കി ഉയർന്ന തലത്തിലുള്ള ഓഫീസുകളിലേക്ക് എത്തിച്ചിട്ടുണ്ട്. ജില്ലാതല ഓഫീസുകൾ ഏപ്രിൽ 20 നകവും ഡയറക്ടറേറ്റുകൾ ഏപ്രിൽ 25 നകവും ഫയലുകൾ തീർപ്പാക്കി അടുത്ത തലത്തിലേക്ക് നൽകാൻ നിർദ്ദേശിച്ചതായി അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ തീർപ്പാക്കേണ്ട എല്ലാ ഫയലുകളും ഏപ്രിൽ 21 നകം തീർപ്പാക്കണം. ഇതുമായി ബന്ധപ്പെട്ട് അപേക്ഷകനുമായോ മറ്റുള്ള ആരെങ്കിലുമായോ നേരിട്ട് സംസാരിക്കേണ്ടതുണ്ടെങ്കിൽ അവരെ വിളിച്ച് ചർച്ച നടത്തുവാൻ മുൻകൂർ നോട്ടീസ് നൽകണം. ഏപ്രിൽ 21 വരെ ഫിസിക്കൽ അദാലത്ത് നടത്തി ഫയലുകളിൽ തീർപ്പുണ്ടാക്കും. ഇത്തരത്തിലെ ഫയലുകളിലെ അന്തിമ തീരുമാനത്തിന് മേൽത്തട്ടിന്റെ സ്പഷ്ടീകരണം ആവശ്യമെങ്കിൽ അവിടെ നടത്തുന്ന ഫയൽ അദാലത്തിന്റെ തീയതിയും മറ്റ് വിശദാംശങ്ങളും അദാലത്തിൽ പങ്കെടുക്കുന്നയാൾക്ക് ലഭ്യമാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ജില്ലാതലത്തിൽ ഏപ്രിൽ 23 നകവും ഡയറക്ടറേറ്റ് തലത്തിൽ ഏപ്രിൽ 28നകവും സർക്കാർ തലത്തിൽ ഏപ്രിൽ 30 നകവും ഫയലുകൾ തീർപ്പാക്കണം. ഓരോ ഓഫീസ് തലത്തിലും ജില്ലകൾക്കും സംസ്ഥാനത്തിനും പൊതുവായും ഫയൽ അദാലത്ത് സംവിധാനം വിജയിപ്പിക്കുന്നതിനായി നോഡൽ ഓഫീസർമാരെ നോമിനേറ്റ് ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഫയൽ അദാലത്ത് സംവിധാനം ഓരോ തലത്തിലും കൃത്യമായി ഡോക്യുമെന്റ് ചെയ്യുമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Read Also: കെ.എസ്.ഇ.ബി. സമരം ശക്തമാക്കാന്‍  ഒരുങ്ങി സംയുക്ത സമര സഹായ സമിതി

shortlink

Related Articles

Post Your Comments

Related Articles


Back to top button