കൊല്ലം: താലികെട്ടാൻ തുടങ്ങുന്നതിന് തൊട്ട് മുമ്പ് വധു കല്യാണ മണ്ഡപത്തിൽ നിന്ന് ഇറങ്ങിയോടി. കൊല്ലം നഗരത്തിന് സമീപം കല്ലുംതാഴത്താണ് സംഭവം. ഇറങ്ങിയോടിയ വധു നേരെ മേക്കപ്പ് റൂമിൽ കയറി കതകടച്ചു. മാതാപിതാക്കൾ ഉൾപ്പടെ സംസാരിച്ചിട്ടും വധു വാതിൽ തുറക്കാൻ തയ്യാറായില്ല. വിവാഹത്തിന് താൽപര്യമില്ലെന്ന് വധു ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു.
ഇതോടെ, വിവാഹം മുടങ്ങുകയും വരന്റെയും വധുവിന്റേയും ബന്ധുക്കൾ തമ്മിൽ കൈയ്യാങ്കളിയാകുകയും ചെയ്തു. കിളികൊല്ലൂർ പൊലീസ് ഇടപെട്ടാണ് കല്യാണ മണ്ഡപത്തിലെ സംഘർഷാവസ്ഥ ഒഴിവാക്കിയത്. ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. വരന്റെ വീട്ടുകാർക്ക് വധുവിന്റെ കുടുംബം നഷ്ടപരിഹാരം നൽകാമെന്ന ഉറപ്പിൽ ഇരുകൂട്ടരെയും വിട്ടയയ്ക്കുകയായിരുന്നു. കല്ലുംതാഴം ഇരട്ടകുളങ്ങര ക്ഷേത്രത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മൺറോതുരുത്ത് സ്വദേശിയായ യുവാവും കല്ലുംതാഴം സ്വദേശിനിയായ യുവതിയും തമ്മിലുളള വിവാഹമാണ് ക്ഷേത്രത്തിൽ നിശ്ചയിച്ചിരുന്നത്.
ഇന്നലെ രാവിലെയായിരുന്നു, വിവാഹം നടത്താൻ തീരുമാനിച്ചത്. വിവാഹം മുടങ്ങിയതിനാൽ, വരന്റെ വീട്ടുകാർക്ക് വിവാഹത്തിനുള്ള ചെലവുകൾക്കും, മാനഹാനിക്കും പകരമായ നഷ്ടപരിഹാരം നൽകാമെന്ന് വധുവിന്റെ വീട്ടുകാർ പൊലീസ് സ്റ്റേഷനിൽ വെച്ച് ഉറപ്പ് നൽകി. ഇതോടെ, സംഭവത്തിൽ കേസെടുക്കാതെ ഇരുകൂട്ടരെയും പൊലീസ് വിട്ടയയ്ക്കുകയായിരുന്നു. വിവാഹം കഴിക്കേണ്ടിയിരുന്ന യുവതിക്ക് കുടുംബത്തിൽ തന്നെയുള്ള മറ്റൊരു യുവാവുമായി ഉണ്ടായിരുന്ന അടുപ്പത്തെ തുടർന്നാണ് മണ്ഡപത്തിൽനിന്ന് ഇറങ്ങിയോടിയതെന്നാണ് വരന്റെ ബന്ധുക്കൾ ആരോപിക്കുന്നത്.
Post Your Comments