എറണാകുളം: സഹകരണ എക്‌സ്‌പോ 2022 ന് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ സഹകരണ എക്സ്പോ 2022ന്റെ ഉദ്ഘാടനം നിർവ്വഹിക്കും. സഹകരണമന്ത്രി വി ശിവൻകുട്ടി ചടങ്ങിന് അദ്ധ്യക്ഷത വഹിക്കും. സ്റ്റാളുകളുടെ ഉദ്ഘാടനം വ്യവസായ മന്ത്രി പി. രാജീവ് നിർവഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയായിരിക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഇപ്റ്റയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന സ്റ്റേജ് ഷോയും നടക്കും.
മറൈൻ ഡ്രൈവിൽ 60,000 ചതുരശ്ര അടിയിൽ തീർത്ത പവലിയനിൽ 210 സ്റ്റാളുകൾ പ്രദർശനത്തിനായി ഒരുങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ പ്രമുഖ സഹകരണ സ്ഥാപനങ്ങൾ അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളുമായി എക്സ്പോയിൽ എത്തിയിട്ടുണ്ട്. 8000 ചതുരശ്ര അടിയിൽ തീർത്ത ഫുഡ് കോർട്ടിൽ രുചി വൈവിധ്യങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രദർശനങ്ങൾക്കുള്ള പ്രവേശനം പൂർണമായും സൗജന്യമാണ്. രാവിലെ ഒമ്പതര മുതൽ രാത്രി 8.30 വരെയായിരിക്കും പ്രദർശനത്തിലേയ്ക്ക് പ്രവേശനമുള്ളത്. എല്ലാ ജില്ലകളിൽ നിന്നുള്ള സഹകാരികളും സഹകരണ സംഘം ഭരണസമിതി അംഗങ്ങളും ജീവനക്കാരും മേള കാണാനെത്തും. മേളയിൽ ഡിസ്‌കൗണ്ട് നിരക്കിൽ സഹകരണ സംഘങ്ങളുടെ ഉൽപ്പന്നങ്ങൾ പൊതുജനങ്ങൾക്ക് വാങ്ങാനും കഴിയും.
മേളയുടെ ഭാഗമായി എല്ലാ ദിവസവും സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും. ഓരോ മേഖലയിലെയും വിദഗ്ദ്ധരുടെ പ്രബന്ധാവതരണവും വിദഗ്ദ്ധ പാനലുകളുടെ വിശകലനങ്ങളുമുണ്ടാകും. വൈകുന്നേരങ്ങളിൽ സഹകരണ എക്സ്പോയുടെ പ്രധാന വേദിയിൽ കേരളത്തിലെ പ്രമുഖ കലാകാരന്മാരുടെ കലാ പ്രകടനങ്ങളുമുണ്ടാകും. 25 നാണ് സഹകരണ എക്സ്പോ സമാപിക്കുന്നത്. വിവിധ പുരസ്‌കാരങ്ങളുടെ വിതരണം സമാപന സമ്മേളനത്തിൽ നടക്കും. സമാപന സമ്മേളനത്തിന് ശേഷം സ്റ്റീഫൻ ദേവസ്സിയുടെ ലൈവ് ഷോയുമുണ്ടാകും.
ഇന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ, ഹൈബി ഈഡൻ എംപി, ബെന്നി ബെഹനാൻ എംപി, എംഎൽഎമാരായ റ്റി. ജെ വിനോദ്, എൽദോസ് കുന്നപ്പിള്ളിൽ, ആന്റണി ജോൺ, റോജി എം. ജോൺ, ശ്രീ. അൻവർ സാദത്ത്, കെ.എൽ. ഉണ്ണികൃഷ്ണൻ, കെ.ജെ. മാക്സി, കെ. ബാബു, പി.വി. ശ്രീനിജൻ, അനൂപ് ജേക്കബ്, ഡോ. മാത്യു കുഴൽ നാടൻ, പിഎസിഎസ് അസോസിയേഷൻ പ്രസിഡന്റ് വി. ജോയ് എംഎൽഎ, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടർ ജാഫർ മാലിക്, ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ള, കേരള ബാങ്ക് പ്രസിഡന്റ് ശ്രീ. ഗോപി കോട്ടമുറിക്കൽ, സഹകരണ യൂണിയൻ സംസ്ഥാന ചെയർമാൻ കോലിയാക്കോട് കൃഷ്ണൻ നായർ, സഹകരണ ഓഡിറ്റ് ഡയറക്ടർ എം.എസ്. ഷെറിൻ, കോർപ്പറേഷൻ കൗൺസിലർ മനു ജേക്കബ് തുടങ്ങിയവർ പങ്കെടുക്കും.
Post Your Comments