പാലക്കാട്: ആർഎസ്എസ് മുൻ പ്രചാരകനായിരുന്ന ശ്രീനിവാസന്റെ കൊലപാതകത്തിൽ അടുത്തുള്ള കടക്കാർക്കും സുഹൃത്തുക്കൾക്കും ഞെട്ടൽ മാറുന്നില്ല. തികച്ചും സൗമ്യനായ ഒരു കേസിലും ഇതുവരെ ഉൾപ്പെടാത്ത ശ്രീനിവാസൻ മുമ്പ് പ്രചാരകനായിരുന്നു എന്നതാണ് വധിക്കപ്പെടാൻ ഉള്ള ഏക കാരണം. ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖായ ശ്രീനിവാസൻ നഗരത്തിൽ ആർഎസ്എസിന്റെ വളർച്ചയ്ക്കു വഴിയൊരുക്കിയ നേതാക്കളിലൊരാളാണ്.
തിരഞ്ഞെടുപ്പുകളിൽ മൂത്താന്തറയിലും നഗരത്തിലും പ്രചാരണം നയിച്ചിരുന്നതും ശ്രീനിവാസന്റെ നേതൃത്വത്തിലായിരുന്നു. അസുഖത്തെത്തുടർന്നാണു സ്ഥാനങ്ങൾ ഒഴിഞ്ഞത്. വെരിക്കോസ് വെയിൻ മൂലം ശ്രീനിവാസന് അധികം വേഗത്തിൽ നടക്കാൻ സാധിക്കുമായിരുന്നില്ല. ആർഎസ്എസിന്റെ സ്ഥാനങ്ങൾ ഒഴിഞ്ഞ ശേഷം തികച്ചും കുടുംബസ്ഥനായി ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതം. പ്രായമായ അച്ഛൻ അനന്തകൃഷ്ണനും അമ്മ ഇന്ദ്രാണിയും ഉൾപ്പെടെയുള്ള കുടുംബത്തെ നോക്കിയിരുന്നത് ശ്രീനിവാസനായിരുന്നു.
ഏക മകൾ നവനീതയുടെ ചോദ്യം ‘അച്ഛൻ ആരോടും ദേഷ്യപ്പെടുക പോലുമില്ലായിരുന്നല്ലോ, എന്നിട്ടും എന്തിനാണ് അച്ഛനോട് ഇങ്ങനെ ചെയ്തത്’ എന്നാണ്. വിവരം അറിഞ്ഞ ഭാര്യ ഗോപിക കുഴഞ്ഞു വീണതോടെ ഇവർക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി. സെക്കൻഡ്ഹാൻഡ് ഇരുചക്രവാഹനങ്ങൾ വിൽക്കുന്ന കട നടത്തുന്നയാളാണ് ശ്രീനിവാസൻ. ഇദ്ദേഹത്തിന്റെ കടയിലേക്കാണ് അക്രമികൾ കടന്നു കയറി മിനിറ്റുകൾക്കുള്ളിൽ അദ്ദേഹത്തെ വെട്ടിക്കൊന്നത്. ഇവരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. പൊലീസിന് ഇവരെ തിരിച്ചറിയാനും സാധിച്ചിട്ടുണ്ട്.
അതേസമയം, ബുധനാഴ്ചവരെ ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. തുടർ സംഘർഷ സാധ്യത കണക്കിലെടുത്ത് പാലക്കാട് നഗരത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കി. ഇത്രയും അരക്ഷിതമായ സാഹചര്യത്തിലൂടെ അടുത്ത കാലത്തൊന്നും പാലക്കാട് കടന്നുപോയിട്ടില്ല. പകരത്തിന് പകരമെന്ന് വ്യാഖ്യാനം വരുമ്പോഴും രണ്ട് കുടുംബങ്ങളാണ് അനാഥമായത്. ഒരു കൊലപാതകത്തിലും പ്രതിയല്ലാത്ത ശ്രീനിവാസനെ തെരഞ്ഞെടുത്തത് ആരെയെങ്കിലും കിട്ടിയാൽ മതിയെന്ന പോപ്പുലർ ഫ്രണ്ടിന്റെ തന്ത്രമാണെന്ന് ബിജെപി ആരോപിക്കുന്നു.
Post Your Comments