ക്രിസ്തു ദേവന്റെ പുനരുത്ഥാനത്തിന്റെ ഓര്‍മ്മ കൊണ്ടാടുന്ന ദിനമാണ് ഈസ്റ്റര്‍ അഥവാ ഉയിര്‍പ്പ് തിരുനാള്‍. ദുഖവെള്ളിക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍ ദിനമായി ആചരിക്കുന്നത്. ക്രിസ്തുമത വിശ്വാസികള്‍ ഈ ദിവസം സുപ്രധാന പുണ്യദിനമായി ആഘോഷിക്കുന്നു. തിന്മയുടെയും അസത്യത്തിന്റെയും ജയം താല്‍ക്കാലികം ആണെന്നും ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞവഴികള്‍ തേടാതെ കഷ്ടങ്ങള്‍ സഹിച്ചും സത്യത്തിനു വേണ്ടി നില നില്‍ക്കണം എന്നും ആണ് ഈസ്റ്റര്‍ നല്‍കുന്ന രണ്ടു സുപ്രധാന പാഠങ്ങള്‍.
പീഢാനുഭവത്തിനും കുരിശുമരണത്തിനും ശേഷം കല്ലറയില്‍ സംസ്‌ക്കരിക്കപ്പെട്ട ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് മാനവകുലത്തിന് പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും അടായാളമാണ്. ഇന്നലെ രാത്രി മുതല്‍ തന്നെ സംസ്ഥാനത്തെ വിവിധ പള്ളികളില്‍ ശുശ്രൂഷകളും പ്രാര്‍ത്ഥനയും നടന്നിരുന്നു. അമ്പത് ദിവസത്തെ നോമ്പാചരണത്തിന് ശേഷമാണ് ക്രൈസ്തവ വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. വ്രതവും ഉപവാസവും പ്രാര്‍ത്ഥനയും കൊണ്ട് തന്നെ ഈ വിശുദ്ധ നാളുകള്‍ കൊണ്ടാടുന്നു. ഈസ്റ്ററുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങളുണ്ട്. ഈസ്റ്റര്‍ എഗ്ഗ് ഹണ്ട് ആണ് അതില്‍ പ്രധാനപ്പെട്ടത്.
ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്തുവിന്റെ ത്യാഗത്തെ ഓര്‍ക്കുകയും ആ ഉയിര്‍ത്തെഴുന്നേല്‍പ്പ് ആഘോഷിക്കുകയും ചെയ്യുന്നു. ദുഃഖവെള്ളിക്കും കുരിശുമരണത്തിനും ശേഷം ഉയിര്‍ത്തെഴുന്നേറ്റ യേശു, ഏത് വിഷമ, പീഡന ഘട്ടത്തിനും ശേഷം ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാകുമെന്ന് നമുക്ക് പറഞ്ഞു തരുന്നു. എല്ലാ വായനക്കാർക്കും ഈസ്റ്റ്‌കോസ്റ്റിന്റെ അനുഗ്രഹീതമായ ഈസ്റ്റര്‍ ആശംസിക്കുന്നു.
Post Your Comments