KeralaLatest News

കോടഞ്ചേരിയിലെ വിവാദ വിവാഹം: ജോയ്സ്‌നയെ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം

കൊച്ചി: ഏറെ ചർച്ചയായ കോടഞ്ചേരിയിലെ പ്രണയവിവാഹത്തിലെ വധു ജോയ്‌സ്‌നയെ 19-ന് ഹാജരാക്കാൻ പോലീസിന് ഹൈക്കോടതിയുടെ നിർദ്ദേശം. ജോയ്‌സ്‌നയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് ജോസഫ് ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നു. ഇതിലാണ് ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് സിഎസ് സുധ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നിർദ്ദേശം. ഈ ഹർജിയിൽ ഈ മാസം 12-നാണ് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിക്കും കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിഐയ്ക്കും ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകിയത്.

ജോയ്‌സ്‌നയെ കാണാനില്ലെന്നാരോപിച്ച് പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. കണ്ടെത്താനായില്ലെന്നു വ്യക്തമാക്കി നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ച ദിവസം ജോയ്‌സ്ന ഷെജിനൊപ്പം താമരശ്ശേരി കോടതിയിൽ ഹാജരായി. സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും വ്യക്തമാക്കി. ഷെജിനൊപ്പം പോകാൻ കോടതി അനുമതി നൽകി.

എന്നാൽ, പിതാവിനോട് സംസാരിക്കാൻ പോലും അനുവദിക്കാതെ മകളെ കൂട്ടിക്കൊണ്ടുപോയെന്നും, ഹാജരായപ്പോൾ തനിക്കു കാണാൻ കഴിഞ്ഞില്ലെന്നുമാണ് പിതാവിന്റെ വാദം. മകളെ തട്ടിക്കൊണ്ടുപോയതാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണെന്നും പിതാവ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർദ്ദേശം.

shortlink

Post Your Comments


Back to top button