പാലക്കാട്: ജില്ലയിൽ നടന്ന തുടർ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഈ മാസം 20 വരെ പാലക്കാട് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പാലക്കാട് എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ. പ്രവർത്തകൻ കൊല്ലപ്പെട്ട് 24 മണിക്കൂർ തികയും മുൻപാണ് വീണ്ടുമൊരു കൊല കൂടി നടന്നത്.
ആർ.എസ്.എസ്. മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനാണ് രണ്ടാമത് കൊല്ലപ്പെട്ടത്. മൂന്ന് ഇരുചക്രവാഹനങ്ങളിലായി എത്തിയ സംഘം ശ്രീനിവാസനെ കടയിൽ കയറി വെട്ടുകയായിരുന്നു. സംഭവത്തിന് പിന്നിൽ എസ്.ഡി.പി.ഐയാണെന്നാണ് ബി.ജെ.പിയുടെ ആരോപണം.
ഇന്നലെയാണ് ജില്ലയിൽ എസ്.ഡി.പി.ഐ. പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയത്. പാലക്കാട് കസബ പോലീസ് സ്റ്റേഷൻ പരിധിയിൽ തന്നെയായിരുന്നു അക്രമം. പിതാവിനൊപ്പം ജുമാ നിസ്‌കാരം കഴിഞ്ഞ് ബൈക്കിൽ മടങ്ങിവരുന്നതിനിടെ രണ്ടു കാറുകളിലായെത്തിയ അജ്ഞാതസംഘം സുബൈറിനെ എതിർവശത്തു നിന്ന് ഇടിച്ചു വീഴ്ത്തി. പുറകിലിരുന്ന പിതാവ് ദൂരത്തേക്ക് തെറിച്ചു വീണു. ഇതിനിടയിൽ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പരുക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ എലപ്പുള്ളി ഏരിയാ പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട സുബൈർ.
Post Your Comments