എറണാകുളം: സുരേഷ് ഗോപിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി എഴുത്തുകാരനും ബ്ലോഗറുമായ കെ പി സുകുമാരൻ. നാട്ടിൽ നടക്കാത്ത ഒന്നും സുരേഷ് ഗോപിയോ അദ്ദേഹത്തിന്റെ കാൽ തൊട്ട് വന്ദിച്ചവരോ ചെയ്തിട്ടില്ല. കൈനീട്ടം കൊടുക്കലും ബഹുമാനം തോന്നുന്നവരുടെ പാദം തൊട്ട് വന്ദിക്കുന്നതും ഒക്കെ നമ്മുടെ സംസ്ക്കാരത്തിന്റെ ഭാഗമാണ്. അതൊക്കെ ആരും അടിച്ചേൽപ്പിക്കാതെ സ്വമേധയാ ചെയ്യുന്നതാണ് എന്നദ്ദേഹം ചൂണ്ടിക്കാട്ടി.
ഇപ്പോൾ നടക്കുന്നത് ബിജെപി വിരോധമാണ്. ബിജെപിയും സംഘപരിവാറും രാജ്യസേവനം ചെയ്യുന്നു എന്നല്ലാതെ ആർക്കും ഒരു ദ്രോഹവും ചെയ്യാൻ പോകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
സുരേഷ് ഗോപി ഇവിടെ തന്നെ ഉണ്ടാകും. അദ്ദേഹത്തിന്റെ സാമൂഹ്യസേവനങ്ങളും മനുഷ്യോപകാരപ്രദമായ പ്രവർത്തനങ്ങളും തുടരുകയും ചെയ്യും. അതൊക്കെ അദ്ദേഹം ചെയ്യുന്നത് കേവലം പബ്ലിസിറ്റിക്ക് വേണ്ടിയല്ല. സിനിമ താരവും കോടീശ്വരൻ പ്രോഗ്രാമിലെ ആങ്കറുമായിരുന്ന അദ്ദേഹത്തിനു അതില്പരം പബ്ലിസിറ്റി ഇനി എന്ത് കിട്ടാനാണ്. സുരേഷ് ഗോപിയിൽ ജന്മനാ ഉള്ള നന്മയാണ് അദ്ദേഹം തന്റെ പ്രവൃത്തിയിലൂടെ പുറത്തെടുക്കുന്നത്. അത് തടയാൻ ഇവിടെയുള്ള മ്ലേച്ഛന്മാർക്ക് കഴിയില്ല.
സുരേഷ് ഗോപി ബിജെപി രാഷ്ട്രീയത്തിൽ വന്നതും പ്രവർത്തിക്കുന്നതും തികച്ചും ആകസ്മികമായിട്ടായിരുന്നു. അദ്ദേഹം ഒരു കോൺഗ്രസ്സ് അനുഭാവിയായിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ എന്തോ കാരണത്താൽ നേരിയ തോതിൽ ഒന്ന് വിമർശിച്ചപ്പോൾ യൂത്ത് കോൺഗ്രസ്സുകാർ അദ്ദേഹത്തിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. അത് അദ്ദേഹത്തെ വല്ലാതെ പ്രകോപിപ്പിച്ചു. ഒരാളുടെ കോലം കത്തിക്കുക എന്നത് ഏത് പാർട്ടിക്കാർ ആയാലും വളരെ നിന്ദ്യവും നികൃഷ്ടവുമായ രാഷ്ട്രീയ പ്രവർത്തനമാണ്.
അതെന്തോ ആകട്ടെ, നമ്മുടെ സമൂഹം നികൃഷ്ടന്മാരും മ്ലേച്ഛന്മാരും കൂടി നിറഞ്ഞതാണ്. അവരെയൊന്നും സംസ്ക്കരിച്ച് പരിഷ്കൃത വ്യക്തികളാക്കാൻ ആർക്കും കഴിയില്ല. മാനുഫേക്‌ചറിങ്ങ് ഡിഫക്റ്റ് ആണ്. അങ്ങനെ ആ കോലം കത്തിക്കലിലൂടെയാണ് സുരേഷ് ഗോപി ബി.ജെ.പി.യിൽ എത്തുന്നത്. എനിക്കും ഈ സമൂഹത്തിൽ ഒരിടം വേണമല്ലൊ എന്നാണ് ബി.ജെ.പി.യിൽ ചേരുന്നതിനെ കുറിച്ച് അന്ന് അദ്ദേഹം പറഞ്ഞത്. ആ കോലം കത്തിക്കൽ നടന്നില്ലായിരുന്നെങ്കിൽ അദ്ദേഹം സജീവ രാഷ്ട്രീയം ഇല്ലാതെ തന്റെ മനുഷ്യസേവനം തുടരുമായിരുന്നു.
വിഷുക്കൈനീട്ടം കൊടുത്തതും അദ്ദേഹത്തിന്റെ കാൽ തൊട്ട് വന്ദിച്ചതും ഒക്കെ വിവാദമാക്കി ആഘോഷിക്കുന്നത് അദ്ദേഹം പറഞ്ഞത് പോലെ തന്നെ മാക്രിക്കൂട്ടങ്ങളുടെ മ്ലേച്ഛത്തരമാണ്. നാട്ടിൽ നടക്കാത്ത ഒന്നും അദ്ദേഹമോ അദ്ദേഹത്തിന്റെ കാൽ തൊട്ട് വന്ദിച്ചവരോ ചെയ്തിട്ടില്ല. കൈനീട്ടം കൊടുക്കലും ബഹുമാനം തോന്നുന്നവരുടെ പാദം തൊട്ട് വന്ദിക്കുന്നതും ഒക്കെ നമ്മുടെ സംസ്ക്കാരത്തിന്റെ ഭാഗമാണ്. അതൊക്കെ ആരും അടിച്ചേൽപ്പിക്കാതെ സ്വമേധയാ ചെയ്യുന്നതാണ്. അതിനെ ആ നിലയിൽ കണ്ട് വിമർശിക്കാതിരിക്കുന്നതും കുറ്റപ്പെടുത്താതിരിക്കുന്നതുമാണ് മാന്യത.
നമ്മുടെ സംസ്ക്കാരത്തിൽ ഉള്ളതല്ലേ എന്തോ ആയിക്കോട്ടെ എന്ന് വിട്ടാൽ മതി. പക്ഷെ മ്ലേച്ഛന്മാർക്ക് അവരുടെ ഉള്ളിലെ മ്ലേച്ഛത്തരം നിന്ന് തിളക്കുമല്ലോ അതാണ് വിവാദത്തിന്റെ കാരണം. സുരേഷ് ഗോപി ബി.ജെ.പി. ആയതാണ് പ്രശ്നം. ബി.ജെ.പി.യെ ഒരു രാഷ്ട്രീയ പാർട്ടി ആയും ആർ.എസ്.എസ്സിനെ ഒരു സാമൂഹ്യ-സാംസ്കാരിക സംഘടനയായും കണ്ട് മനസ്സിലെ അവിശ്വാസം കളയുന്നതാണ് സംഘപരിവാർ വിരുദ്ധരുടെ മാനസികാരോഗ്യത്തിനു നല്ലത്. ബി.ജെ.പി.യും സംഘപരിവാറും രാജ്യസേവനം ചെയ്യുന്നു എന്നല്ലാതെ ആർക്കും ഒരു ദ്രോഹവും ചെയ്യാൻ പോകുന്നില്ല. ഇത് മനസ്സിലാക്കി അവരവരുടെ മനസ്സ് ക്ലീയർ ആക്കിയാൽ അവരവർക്ക് തന്നെയാണ് നല്ലത്.
എന്തെന്നാൽ, ബി.ജെ.പി.യും സംഘപരിവാറും ഇവിടെ തുടർന്നും പ്രവർത്തിക്കും. അവർ എന്തെങ്കിലും തിന്മകളോ ഫാസിസമോ ദ്രോഹമോ ചെയ്താൽ അതിന് കാലം തന്നെ കണക്ക് തീർക്കും. നല്ലത് മാത്രം ചെയ്താൽ കാലത്തെ അതിജീവിയ്ക്കുകയും ചെയ്യും.
നിലവിൽ ബി.ജെ.പി. ആകട്ടെ സംഘപരിവാർ ആകട്ടെ ആർക്കും ഒരു ദ്രോഹവും ചെയ്യുന്നത് കാണുന്നില്ല. വെറുപ്പും വിദ്വേഷവും വിഭാഗീയതയും പ്രചരിപ്പിക്കുന്നത് BJP-RSS വിരുദ്ധരാണ്.
അതുകൊണ്ട്, അവരുടെ മന:സമാധാനം പോകും എന്നല്ലാതെ സാർത്ഥവാഹകരായി മുന്നോട്ട് പോകുന്ന സംഘപരിവാറുകാർക്ക് ഒന്നും വരാനില്ല. നിലവിൽ നമ്മുടെ പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നീ പദവികളിലേക്ക് അവരെ എത്തിച്ചത് സംഘപ്രവർത്തനങ്ങളാണ്. അവർ തങ്ങളാൽ കഴിയുന്ന സേവനങ്ങളല്ലാതെ യാതൊരു ദ്രോഹവും ചെയ്യുന്നില്ല എന്ന് അംഗീകരിക്കാനുള്ള സന്മനസ്സാണ് വിരുദ്ധർക്ക് വേണ്ടത്. എല്ലാറ്റിനുമപരി നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണ്.
എല്ലാവർക്കും ഇവിടെ സ്വാതന്ത്ര്യവും പൗരാവകാശങ്ങളും തുല്യമായിട്ടുണ്ട്. അതിൽ ജാതി മത കക്ഷിരാഷ്ട്രീയ പക്ഷപാതിത്വം ഇല്ല. ന്യൂനപക്ഷം ഭൂരിപക്ഷം എന്ന വിഭാഗീയ വർണ്ണന തന്നെ അർത്ഥമില്ലാത്തതാണ്. ഇവിടെ പൗരന്മാർ മാത്രമേയുള്ളൂ. ഞാൻ ഒരു ഇന്ത്യൻ പൗരനാണ് എന്ന അവകാശ-അഭിമാന ബോധമാണ് ഏത് മതക്കാരനായാലും പാർട്ടിക്കാരനായാലും ഓരോരുത്തർക്കും വേണ്ടത്. അതാണ് യാഥാർത്ഥ്യവും.
Post Your Comments