യേശുവിന്‍റെ പീഡനുഭവത്തിന്‍റെയും കാല്‍വരിയിലെ കുരിശുമരണത്തിന്‍റെയും ഓര്‍മ്മപുതുക്കാനാണ് ലോകമെമ്പാടുമുള്ള ക്രിസ്തുമതവിശ്വാസികൾ ദുഃഖവെള്ളി ആചരിക്കുന്നത്. ഈസ്റ്ററിന് തൊട്ടുമുമ്പുള്ള വെള്ളിയാഴ്ചയാണ് ദുഃഖവെള്ളി ആചരിക്കുന്നത്. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകള്‍ കഴുകി വിനയത്തിന്‍റെ മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്‍റെ പിറ്റേ ദിവസമാണ് ദുഃഖവെള്ളി.
യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്താമലയുടെ മുകളില്‍ വരെ കുരിശ് വഹിച്ചുകൊണ്ടു നടത്തിയ യാത്രയാണ് വിശ്വാസികള്‍ അനുസ്മരിക്കുന്നത്. യേശുവിന്‍റെ പീഡാനുഭവ വഴികളിലെ സംഭവങ്ങള്‍ അനുസ്മരിച്ച് കൊണ്ടുള്ള ‘കുരിശിന്‍റെ വഴി’ പ്രധാനമാണ്. കുരിശിൻ്റെ വഴിയായി തീരുമാനിക്കുന്ന പാതയിൽ 14 കേന്ദ്രങ്ങളിൽ കുരിശുകൾ സ്ഥാപിക്കുകയും 14 ഭാഗങ്ങളായുള്ള പ്രാർത്ഥനകൾ ചൊല്ലിയാണ് കുരിശിന്‍റെ വഴി പൂര്‍ത്തിയാക്കുന്നത്.
ഇതിന്റെ ഭാഗമായി വിശ്വാസികള്‍ കേരളത്തില്‍ തീര്‍ഥാടന കേന്ദ്രങ്ങളായ മലയാറ്റൂര്‍, വയനാട് ചുരം, കുരിശുമല തുടങ്ങിയ ഇടങ്ങളില്‍ വലിയ കുരിശും ചുമന്ന് കാല്‍നടയായി മല കയറി പരിഹാര പ്രദക്ഷിണം നടത്തും. രാവിലെ നടക്കുന്ന പ്രാർത്ഥനയുടെ ഭാഗമായി കയ്പ് നീര് നല്‍കുകയും ചെയ്യും. കുരിശില്‍ കിടന്നപ്പോള്‍ തൊണ്ട വരളുകയും കുടിക്കാന്‍ വെള്ളം ചോദിച്ച ക്രിസ്തുവിന് വിനാഗിരിയാണ് പടയാളികള്‍ വച്ചു നീട്ടിയതെന്നാണ് വിശ്വാസം. ഈ സംഭവത്തിന്റെ പ്രതീകമായാണ് കയ്പ് നീര് കുടിക്കുന്നത്.
ഇന്നേ ദിവസം, രാവിലെയും വൈകുന്നേരവും പ്രത്യേക പ്രാർത്ഥനയും ആരാധനയും ഉണ്ടാകും. പീഡാനുഭവ വായന, കുര്‍ബാന സ്വീകരണം, കുരിശിന്‍റെ വഴി, പരിഹാര പ്രദക്ഷിണം എന്നിവയാണ് പള്ളികളില്‍ നടക്കുക. വിശുദ്ധ കുര്‍ബാന അര്‍പ്പിക്കില്ല. ദുഃഖവെള്ളിയാഴ്ച ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കുക. മാംസാഹാരം പൂര്‍ണമായും ഒഴിവാക്കും. കൂടാതെ, ടിവി കാണുക, പുസ്തകം വായിക്കുക, പാട്ട് കേള്‍ക്കുക തുടങ്ങിയ വിനോദ പരിപാടികളും വിശ്വാസികള്‍ ഒഴിവാക്കും.
Post Your Comments