ഇന്ന് ദുഃഖവെള്ളി. യേശുവിന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശു മരണത്തിന്‍റെയും ഓര്‍മ പുതുക്കിയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ദുഃഖവെള്ളി ആചരിക്കുന്നത്. ഇന്ന് വിവിധ ഇടങ്ങളിൽ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ വിശ്വാസികൾ കുരിശിന്റെ വഴി നടത്തും.
യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനത്തിൽ നിന്ന് ഗാഗുല്‍ത്താമലയുടെ മുകളിലേക്ക് കുരിശ് വഹിച്ച് നടത്തിയ യാത്രയാണ് വിശ്വാസികള്‍ അനുസ്മരിക്കുന്നത്.
ഓശാന ഞായറിലൂടെ ആരംഭിച്ച് പെസഹ ത്രിദിനത്തിന്റെ ഭാഗമായ പെസഹായും ദുഃഖവെള്ളിയും ദുഃഖശനിയും കഴിഞ്ഞ് ഈസ്റ്റര്‍ ഞായറാഴ്ചയോടെ യാണ് വലിയ നോയമ്പിനും അവസാനം കുറിക്കുന്നത്.
ദു:ഖ വെള്ളി ദിനത്തിലാണ് കാല്‍വരിക്കുന്നില്‍ മൂന്ന് ആണികളിലായി യേശുദേവനെ കുരിശിലേറ്റിയത്. മാനവകുലത്തിന്റെ രക്ഷയ്ക്ക് വേണ്ടിയായിരുന്നു കാല്‍വരിക്കുന്നിലേക്ക് കുരിശുമേന്തി യേശുദേവന്‍ മരണത്തിലേക്ക് നടന്നുകയറിയത്. എല്ലാ പാപങ്ങള്‍ സ്വയം ഏറ്റെടുത്ത് മുള്‍ക്കിരീടവും ചൂടി കുരിശും തോളിലേറ്റി ചാട്ടവാറടിയും കൊണ്ടാണ് യേശുദേവന്‍ തന്റെ ജീവന്‍ ത്യാഗമായി അര്‍പ്പിച്ചത്.
മാനവരാശിയുടെ രക്ഷയ്ക്കും വലിയൊരു നന്‍മയ്ക്കും വേണ്ടിയാണ് യേശുദേവന്‍ പീഢാനുഭവങ്ങള്‍ സഹിച്ച് കുരിശുമരണം വരിച്ചത് എന്നതിനാലാണ് ഗുഡ് ഫ്രൈഡേ എന്നു അറിയപ്പെടുന്നത് എന്ന് വിശ്വസിക്കുന്നു.ദു:ഖ വെള്ളി ദിനത്തില്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും യേശുക്രിസ്തുവിന്റെ പീഡാനുഭവവുമായി ബന്ധപ്പെട്ട ബൈബിള്‍ ഭാഗങ്ങളുടെ വായനയും നടക്കും.
വിശ്വാസികള്‍ ചൊറുക്കാ എന്നു വിളിക്കുന്ന കയ്പ്നീരു കുടിക്കുന്ന പതിവും ഈ ദിവസത്തിനുണ്ട്. കേരളത്തില്‍ മലയാറ്റൂര്‍, വയാനാട് ചുരം, വെള്ളറടയിലെ കുരിശുമല, വാഗമണ്‍ കുരിശുമല, തുമ്പച്ചി കുരിശുമല എന്നിങ്ങനെ പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രങ്ങളിലെല്ലാം കുരിശുമേന്തി തീര്‍ഥാടകര്‍ ഈ ദിനത്തില്‍ എത്താറുണ്ട്.
Post Your Comments